ജില്ലാ വാർത്ത

പാലിയേക്കരയിൽ കണ്ടെയ്നർ ലോറി ഇടിച്ച് ടോൾ ജീവനക്കാരന് ദാരുണാന്ത്യം

പുതുക്കാട്: പാലിയേക്കര ടോൾ ബൂത്തിൽ പുറകിലേക്കെടുത്ത കണ്ടെയ്നർ ലോറി ഇടിച്ച് ടോൾ ജീവനക്കാരന് ദാരുണാന്ത്യം. പോട്ട താണിപ്പാറ സ്വദേശി പാട്ടത്ത് വീട്ടിൽ മണികണ്ഠനാണ് മരിച്ചത്.58 വയസായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. തൃശൂർ ഭാഗത്തേക്കുള്ള നാലാമത്തെ ടോൾ ബൂത്തിൽ വാഹനങ്ങൾ നിയന്ത്രിക്കുന്നതിനിടെയാണ് അപകടം.

ഫാസ്ടാഗിൽ പണമില്ലാതെ ബൂത്തിൽ കയറിയ ടോറസ് ലോറി പുറകിലേക്ക് മാറ്റിയിടുന്നതിനായി തൊട്ടുപിന്നിലുണ്ടായിരുന്ന കണ്ടെയ്നർ ലോറി പുറകിലേയ്ക്ക് എടുത്തപ്പോഴാണ് മണികണ്ഠനെ ഇടിച്ചത്.

പിന്നിൽ നിന്ന് ലോറി വരുന്നത് അറിയാതെ ട്രാക്കിലെ വാഹനങ്ങൾ നിയന്ത്രിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.കണ്ടെയ്നർ ലോറി അമിത വേഗതയിൽ പുറകോട്ടെടുത്താണ് അപകടത്തിനിടയാക്കിയതെന്ന് പറയുന്നു.

ലോറിക്കടിയിൽപ്പെട്ട മണികണ്ഠൻ്റെ ദേഹത്തുകൂടി ചക്രങ്ങൾ കയറിയിറങ്ങി.ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. 

Leave A Comment