യൂത്ത് കോൺ മാർച്ച്: രാത്രിയിൽ പോലീസ് സ്‌റ്റേഷനിൽ നേതാക്കളുടെ ഉപരോധം
കൊച്ചി : യൂത്ത് കോൺഗ്രസ് മാർച്ചിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്നുകാട്ടി ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിൽ കോൺഗ്രസുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് രണ്ടുപേരെ വിട്ടയച്ചു. രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ വെച്ചു.
എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ച യൂത്ത് കോൺഗ്രസ്-കോൺഗ്രസ് പ്രവർത്തകർക്കെതിരേ രാത്രി പോലീസ് കേസെടുത്തു. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി എന്നിവരടക്കം നൂറോളം പേർക്കെതിരേയാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്.
ബുധനാഴ്ച രാവിലെ നടന്ന യൂത്ത് കോൺഗ്രസ് താലൂക്ക് ഓഫീസ് മാർച്ചിനോടനുബന്ധിച്ച് ഇരുപത്തിനാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ ഇരുപതുപേരെ പോലീസ് വൈകുന്നേരം വിട്ടയച്ചു. ചൊവ്വാഴ്ച നടന്ന കോൺഗ്രസ് മാർച്ചിൽ പങ്കെടുത്തവർ എന്ന നിലയ്ക്കാണ് നാലുപേരെ സ്റ്റേഷനിൽ പിടിച്ചുവെച്ചത്. ഇവർക്കെതിരേ പൊതുമുതൽ നശിപ്പിച്ചതിനടക്കം കേസ് എടുക്കാനായിരുന്നു പോലീസിന്റെ ശ്രമം. വിവരമറിഞ്ഞ് മുഹമ്മദ് ഷിയാസ്, ഡി.സി.സി. ജനറൽ സെക്രട്ടറി തമ്പി സുബ്രഹ്മണ്യം എന്നിവരുടെ നേതൃത്വത്തിൽ നേതാക്കൾ സെൻട്രൽ സ്റ്റേഷനിലേക്ക് എത്തി. നാലുപേരെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ കോൺഗ്രസ് സമരത്തിൽ പങ്കെടുത്ത തങ്ങളേയും അറസ്റ്റ് ചെയ്യണമെന്ന് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. ഇതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഷിയാസിനെ ഉന്തിമാറ്റാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
കഴിഞ്ഞ ദിവസത്തെ കോൺഗ്രസ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ മുഹമ്മദ് ഷിയാസും തമ്പി സുബ്രഹ്മണ്യവും പ്രതിയാണെന്നുകാട്ടി പോലീസ് അവരേയും തടഞ്ഞുവെച്ചു. പിടിച്ചുവെച്ചിരിക്കുന്ന നാലുപേരിൽ രണ്ടുപേർ കോൺഗ്രസ് സമരം നടന്ന ചൊവ്വാഴ്ച നഗരത്തിലേക്ക് വന്നിട്ടു പോലുമില്ലാത്തവരാണെന്ന് നേതാക്കൾ വാദിച്ചു.
ഡി.സി.സി. പ്രസിഡന്റ് പോലീസ് സ്റ്റേഷനിൽ പ്രതിഷേധിക്കുന്നതറിഞ്ഞ് നേതാക്കളായ ദീപ്തി മേരി വർഗീസ്, ടോണി ചമ്മണി, ടിറ്റോ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പേർ സ്റ്റേഷനിലേക്ക് എത്തി. പ്രശ്നം രൂക്ഷമാകുമെന്നു മനസ്സിലാക്കി പോലീസ് നേതാക്കളുമായി കൂടിയാലോചന നടത്തി. ഇതേ തുടർന്ന് കോൺഗ്രസ് സമരത്തിൽ പങ്കെടുക്കാത്ത രണ്ടുപേരെ വിട്ടയയ്ക്കാൻ പോലീസ് സമ്മതിച്ചു.
എന്നാൽ കോൺഗ്രസ് സമരത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് നേതാക്കളായ ഡോ. ഷിന്റൊ ജോൺ, രാഹുൽ സുകുമാരൻ എന്നിവരെ പോലീസ് സ്റ്റേഷനിൽ പിടിച്ചുവെച്ചു. ഇവരെ കോടതിയിൽ ഹാജരാക്കും.
Leave A Comment