ജില്ലാ വാർത്ത

അപകടത്തിൽപ്പെട്ടയാൾക്ക് പ്രതിപക്ഷനേതാവിന്റെ തുണ

വരാപ്പുഴ : അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് ദേശീയപാതയിൽ വള്ളുവള്ളി മില്ലുപടി വളവിന് സമീപം സ്‌കൂട്ടർ യാത്രികൻ വീണത്. പറവൂർ ഭാഗത്തുനിന്നും സ്‌കൂട്ടറിൽ വന്ന കൂനമ്മാവ് കാച്ചപ്പിള്ളി വർഗീസ് (65) ആണ് വളവു തിരിയുമ്പോൾ തെന്നി റോഡിൽ വീണത്.

 സമീപത്തുണ്ടായിരുന്നവർ വർഗീസിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വാഹനങ്ങളൊന്നും നിർത്തിയില്ല. ഇതിനിടെയാണ് പ്രതിപക്ഷനേതാവിന്റെ വാഹനം വന്നത്. ആൾക്കൂട്ടം കണ്ട് വാഹനം നിർത്തി പുറത്തിറങ്ങിയ വി.ഡി. സതീശൻ തന്റെ പൈലറ്റ് വാഹനത്തിൽ അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാൻ നിർദേശം നൽകുകയായിരുന്നു. പ്രതിപക്ഷനേതാവ് കൂടി ചേർന്നാണ് വർഗീസിനെ പൈലറ്റ് വാഹനത്തിൽ കയറ്റിയത്. വർഗീസിന്റെ കൈകാലുകൾക്കും മുഖത്തും പരിക്കുണ്ട്.

Leave A Comment