ഫാ. സ്റ്റാൻ സ്വാമിയുടെ മരണം: എൻഐഎ ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിലെന്ന് എൻ എം അമീർ
നെടുമ്പാശേരി: ജാർഖണ്ഡിലെ ആദിവാസി സമൂഹത്തിനിടയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തിയിരുന്ന ജസ്യൂട്ട് പുരോഹിതൻ സ്റ്റാൻ സ്വാമിയെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ എൻ ഐ എ ഉദ്യോഗസ്ഥർ പ്രതികൂട്ടിലാണെന്ന് കെപിസിസി മൈനോറിറ്റി സെൽ സംസ്ഥാന വൈസ് ചെയർമാൻ എൻ.എം. അമീർ ആരോപിച്ചു.
താൻ നിരപരാധിയാണെന്ന് പലകുറി ആണയിട്ട് പറഞ്ഞിട്ടും രോഗിയായ അദ്ദേഹത്തെ കൽ തുറങ്കിലിൽ അടയ്ക്കുകയും മരണത്തിലേക്ക് തള്ളിവിടുകയുമായിരുന്നു. വ്യാജ രേഖകൾ ചമച്ച് ഉണ്ടാക്കിയതാണ് ഈ കേസെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോറൻസിക് ലാബ് പരിശോധനയിലുള്ളത്. ഈ സംഭവം അത്യന്തം ഖേദകരവും പൈശാചികവും പ്രതിഷേധാർഹവുമാണ് അദ്ദേഹം കുറ്റപ്പെടുത്തി.
ദേശീയ ന്യൂനപക്ഷ അവകാശ ദിനാചരണ ഭാഗമായി കെപിസിസി മൈനോറിറ്റി വിഭാഗം ജില്ലാ തലത്തിൽ നെടുമ്പാശേരി പീസ് ഫൗണ്ടേഷൻ സെന്ററിൽ സംഘടിപ്പിച്ച ന്യൂനപക്ഷ അവകാശ ജില്ല തല ദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കിടപ്പു രോഗികളുടെ അഭയ കേന്ദ്രമായ പീസ് ഫൗണ്ടേഷൻ സെന്ററിൽ സംഘം ക്രിസ്മസ്-പുതുവത്സാരആഘോഷങ്ങളും സംഘടിപ്പിച്ചു.
നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി.
മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ജില്ലാ ചെയർമാൻ എൽദോ കെ. ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.
മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ഭാരവാഹികളായ കെ .യു ഷമീർ , മജീദ് എളമന , എഎം ഷാജഹാൻ, മുഹമ്മദ് താഹിർ , ടി. എസ് ഷാഫുദ്ദീൻ, ഷൈബിപാപ്പച്ചൻ , ഹനീഫ പി. കുട്ടോത്ത് ആന്റണിജോർജ്ജ്, സി.വി.ഡേവീസ്, പീസ് ഫൗണ്ടേഷൻ മാനേജർ ഫാ. സാബു പാറയ്ക്കൽ, സക്കറിയ ആലുക്കൽ റമ്പാൻ, ഫാ.ഡോൺ താടിക്കാരൻ എന്നിവർ സംസാരിച്ചു.
Leave A Comment