പറവൂരിൽ തിയേറ്റർ ആക്രമിച്ച് തകർത്ത കേസിൽ പ്രതികളെ വെറുതെവിട്ടു
പറവൂർ: നടൻ കമൽഹാസൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച വിശ്വരൂപം സിനിമയിൽ മുസ്ലിം വിരുദ്ധത ആരോപിച്ച് തിയേറ്റർ ആക്രമിച്ച് തകർത്ത കേസിലെ പ്രതികളെ വെറുതെവിട്ടു.
കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ പറവൂരിലെ ചിത്രാഞ്ജലി തിയേറ്ററിന്റെ ഗ്ലാസ് ഡോറുകളും കസേരകളും തകർത്തു എന്നായിരുന്നു കേസ്. ആക്രമണത്തിൽ തിയേറ്ററിന് ഏകദേശം ഒന്നേകാൽ ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും ആരോപിച്ചിരുന്നു.
2013 ജനുവരി 25ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സിനിമയിൽ മുസ്ലിം വിരുദ്ധതയുണ്ടെന്ന് ആരോപിച്ച് “മുസ്ലിം ഐക്യത്തിനുള്ളിൽ വിചാരണ തീർത്ത് വേദി” എന്ന ബാനറുമായി പ്രകടനമായി എത്തിയ മുപ്പതോളം പേരാണ് അക്രമം അഴിച്ചുവിട്ടത്.
കേസിൽ 24 പേരെ പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്. പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിചാരണക്ക് ശേഷം വിധി പ്രസ്താവിച്ചപ്പോൾ 24 പേരെയും വെറുതെ വിട്ടു. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എൻ. അശ്വതിയാണ് വിധി പ്രസ്താവിച്ചത്.
സംഭവം നടന്ന ദിവസം ഈ സ്ഥലത്ത് നിന്ന് 22 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിയേറ്ററിലേക്കുള്ള മാർച്ചും അനുബന്ധ സംഭവങ്ങളും പൊലീസ് വീഡിയോയിൽ പകർത്തിയിരുന്നു. പ്രതികൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നും പൊലീസ് ആരോപിച്ചിരുന്നു.
എന്നാൽ കുറ്റപത്രത്തിൽ ആരോപിച്ചിരുന്ന കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഇതാണ് പ്രതികളെ കുറ്റവിമുക്തരാക്കാൻ കാരണം.
പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ എം.ജി. ജീവൻ, ലെവിൻ വർഗീസ് മേനാച്ചേരി, അഞ്ജനാ വിറ്റ്സൺ എന്നിവരാണ് ഹാജരായത്.
Leave A Comment