ആലുവ മണപ്പുറത്തെ ‘സ്കൈ ഡൈനിംഗ് ’റൈഡ് പോലീസ് നിർത്തിച്ചു
ആലുവ: ശിവരാത്രി മണപ്പുറത്തെ അമ്യൂസ്മെന്റ് പാർക്കിൽ പ്രവർത്തിപ്പിച്ചിരുന്ന റൈഡ് ലൈസൻസില്ലാതെയാണ് പ്രവർത്തിച്ചുവന്നതെന്ന് പരാതി. ഇതിനെ തുടർന്ന് 130 അടി ഉയരത്തിലിരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന ‘സ്കൈ ഡൈനിംഗ് റൈഡിന്റെ’ പ്രവർത്തനം ഇന്നലെ പോലീസെത്തി നിർത്തിവയ്പ്പിച്ചു.
റൈഡിന് വേണ്ടത്ര സുരക്ഷാ സർട്ടിഫിക്കറ്റുകളില്ലെന്ന പരാതിയെ തുടർന്നാണ് പോലീസ് നടപടി. കഴിഞ്ഞ 15 മുതൽ പ്രവർത്തിച്ചുവന്ന റൈഡുകൾക്ക് മതിയായ സുരക്ഷാ മുൻകരുതലുകൾ ഉണ്ടെന്നും ലൈസൻസ് നൽകിയിട്ടുണ്ടെന്നുമാണ് ആലുവ നഗരസഭ, റവന്യൂ, പോലീസ് വിഭാഗങ്ങൾ അവകാശപ്പെട്ടിരുന്നത്.
എന്നാൽ ഇതുവരെ ഉണ്ടായിരുന്നില്ലെന്നത് സന്ദർശകരിലും ആശങ്ക പരത്തിയിരിക്കുകയാണ്. മണപ്പുറത്ത് കരാറെടുത്തയാൾ ഉപകരാറായി അമ്യൂസ്മെന്റ് പാർക്ക് നൽകിയിരിക്കുകയാണ്. ഇവരാണ് ലൈസൻസ് എടുക്കേണ്ടതെന്നാണ് കരാർ ഏജൻസിയുടെ നിലപാട്.
മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ റൈഡുകൾ പ്രവർത്തിക്കാൻ അനുമതി നൽകരുതെന്ന് 2017ൽ ഹൈക്കോടതിയും ആലുവ നഗരസഭയ്ക്കു നിർദേശം നൽകിയിരുന്നു.
Leave A Comment