വിഖ്യാത മാധ്യമപ്രവർത്തക ബാർബറ വാൾട്ടേഴ്സ് അന്തരിച്ചു
ന്യൂയോർക്ക്: വിഖ്യാത മാധ്യമപ്രവർത്തകയും അമേരിക്കൻ ടെലിവിഷൻ ന്യൂസ് പ്രക്ഷേപണ ചരിത്രത്തിലെ ആദ്യ വനിതാ ആങ്കറുമായ ബാർബറ വാൾട്ടേഴ്സ് അന്തരിച്ചു. 93 വയസ് ആയിരുന്നു.
1961 മുതൽ എൻബിസിയിലെ "ടുഡേ' എന്ന സായാഹ്ന വാർത്താപരിപാടിയിൽ അവതാരകയായിരുന്ന വാൾട്ടേഴ്സ് സെലിബ്രിറ്റികളുമായും ലോകനേതാക്കളുമായും അഭിമുഖം നടത്തിയാണ് പ്രശസ്തി ആർജിച്ചത്.
മാധ്യമരംഗത്ത് പുരുഷമേധാവിത്വം നിറഞ്ഞ് നിന്ന 1970-കളിൽ ഒരു മില്യൺ ഡോളർ വാർഷിക പ്രതിഫലം വാങ്ങി എബിസി ചാനലിലെ ടോക്ക് ഷോയിൽ സഹ അവതാരകയായി എത്തി വാൾട്ടേഴ്സ് ചരിത്രം സൃഷ്ടിച്ചു.
പലപ്പോഴും സഹ അവതാരകന്മാരായ പുരുഷ ജീവനക്കാർ വാൾട്ടേഴ്സിനെ അവഗണിക്കുകയും ലൈവ് പ്രക്ഷേപണ സമയത്ത് അവഹേളിക്കുകയും ചെയ്തിട്ടുണ്ട്.
സെലിബ്രിറ്റി അഭിമുഖങ്ങളിൽ നിസാരവും നിലവാരമില്ലാത്തതുമായി ചോദ്യങ്ങൾ ഉന്നയിക്കുന്നുവെന്ന ആക്ഷേപവും വാൾട്ടേഴ്സ് നേരിട്ടിരുന്നു.
ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ച്, അമേരിക്കൻ ടെലിവിഷനിലെ ഏറ്റവും പരിചിതമായ മുഖമായി മാറാൻ വാൾട്ടേഴ്സിന് സാധിച്ചു. സംസാരിക്കുമ്പോൾ ചില അക്ഷരങ്ങൾ ഉരുവിടാനുള്ള ബുദ്ധിമുട്ട് അവഗണിച്ചാണ് വാൾട്ടേഴ്സ് മാധ്യമലോകം കീഴടക്കിയത്.
20/20 എന്ന എബിസി ഷോ 25 വർഷം സംപ്രേഷണം ചെയ്തിരുന്നു. 1960-കൾ മുതലുള്ള അമേരിക്കൻ പ്രസിഡന്റുമാരെയും പത്നിമാരെയുമുൾപ്പെടെ നിരവധി പേർ ഈ ഷോയിൽ പങ്കെടുത്തിട്ടുണ്ട്.
മുഅമ്മർ ഗദാഫി, ഫിദൽ കാസ്ട്രോ, സദാം ഹുസൈൻ, മാർഗരറ്റ് താച്ചർ, ബോറിസ് യെൽസിൻ, വ്ലാദിമിർ പുടിൻ തുടങ്ങി പ്രമുഖരുമായും വാൾട്ടേഴ്സ് അഭിമുഖം നടത്തിയിട്ടുണ്ട്. ഓസ്കർ നോമിനി പട്ടികയിലുള്ളവരുമായി പുരസ്കാര നിശയിൽ നടത്തുന്ന അഭിമുഖ പരിപാടി 29 വർഷം നടത്തിയതും വാൾട്ടേഴ്സാണ്.
സുദീർഘമായി ടിവി കരിയറിനിടെ 12 എമ്മി അവാർഡുകളടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് വാൾട്ടേഴ്സ്.
Leave A Comment