അന്തര്‍ദേശീയം

ഇ​ന്ത്യ- ​ഇ​യു സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ ഒപ്പിട്ടു, യൂറോപ്യൻ ഉത്പന്നങ്ങൾക്ക് വിലകുറയും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും (ഇ​യു) ത​മ്മി​ൽ നി​ർ​ണായ​ക സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ൽ (എ​ഫ്ടി​എ) ഒ​പ്പി​ട്ടു. യുഎസ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ന​യ​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ സൃ​ഷ്ടി​ച്ച അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കി​ട​യി​ൽ, ഇ​ന്ത്യ​യും യൂ​റോ​പ്പും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക-​പ്ര​തി​രോ​ധ ബ​ന്ധം പു​തി​യ ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​താ​ണ് ഈ ​ച​രി​ത്ര ക​രാ​ർ.

രാ​വി​ലെ 11:10ന് ​രാ​ജ്ഘ​ട്ടി​ലെ പു​ഷ്പാ​ർ​ച്ച​ന​യോ​ടെ​യാ​ണ് ഉ​ച്ച​കോ​ടി​യി​ലെ ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ ആ​രം​ഭിച്ച​ത്. 77-ാമ​ത് റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ർ​സു​ല വോ​ൺ ഡെ​ർ ലെ​യ​ൻ, യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് അ​ന്‍റോ​ണി​യോ കോ​സ്റ്റ എ​ന്നി​വ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​ർ​ച്ച ന​ട​ത്തി. വൈ​കു​ന്നേ​രം രാ​ഷ്‌ട്ര​പ​തി ഭ​വ​നി​ൽ രാ​ഷ്‌ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വു​മാ​യും യൂറോപ്യൻ യൂണിയൻ നേതാക്കൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

"എല്ലാ ഇടപാടുകളുടെയും മാതാവ്' എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറിനെ വിശേഷിപ്പിച്ചത്. ചരിത്ര മുഹൂർത്തമെന്ന് യൂറോപ്യൻ യൂണിയനും വിശേഷിപ്പിച്ചു. വ്യാപാര കരാറിന് പുറമേ പ്രതിരോധ സുരക്ഷാ കരാറും ഒപ്പുവച്ചു. 2030 വരെ നീളുന്ന വിവിധ മേഖലകളിലെ സഹകരണ അജണ്ടയും കൈമാറി.

ക​രാ​ർ സാ​ധ്യ​മാ​യാ​ൽ 200 കോ​ടി ജ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന ലോ​ക​ത്തി​ലെത​ന്നെ ഏ​റ്റ​വും വ​ലി​യ സ്വ​ത​ന്ത്ര വ്യാ​പാ​ര വി​പ​ണി​ക​ളി​ലൊ​ന്നാ​യി ഇ​തു മാ​റും. ആ​ഗോ​ള ജി​ഡി​പി​യു​ടെ നാ​ലി​ലൊ​ന്ന് ഈ ​ര​ണ്ടു മേ​ഖ​ല​ക​ളി​ൽനി​ന്നാ​ണ്.

കരാർ അനുസരിച്ച്, കാറുകൾ അടക്കം യൂറോപ്പിൽ നിന്നുള്ള പല ഉത്പന്നങ്ങൾക്കും വില കുത്തനെ കുറയും. യൂറോപ്പിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും.

പാസ്ത, ചോക്ലേറ്റ് എന്നിവയുൾപ്പെടെയുള്ള സംസ്കരിച്ച ഭക്ഷണങ്ങളുടെ തീരുവ പൂർണമായും ഒഴിവാക്കിയേക്കും. വൈനുകളുടെ തീരുവ ക്രമേണ 150 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറഞ്ഞേക്കും. കാറുകളുടെ താരിഫ് ക്രമേണ 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറഞ്ഞേക്കും.

യൂറോപ്പിൽ നിന്നുള്ള ബീയറിനും വില കുറയും. ഉപകരണങ്ങൾക്കുള്ള തീരുവ 44 ശതമാനം നീങ്ങും. ഫാർമ ഉത്പന്നങ്ങൾക്കുള്ള 11 ശതമാനം തീരുവയും നീക്കും. യൂറോപ്പിൽ നിന്നു കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും. യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ 150 ബി​ല്യ​ൺ യൂ​റോ പ​ദ്ധ​തി​യാ​യ "സേ​ഫ്'-​ൽ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കു പ​ങ്കാ​ളി​ക​ളാ​കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന​തു രാ​ജ്യ​ത്തി​നു ഗു​ണ​ക​ര​മാ​കും.

2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ത​മ്മി​ൽ ഏ​ക​ദേ​ശം 136 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വ്യാ​പാ​ര​മാ​ണു ന​ട​ത്തി​യ​ത്. പു​തി​യ ക​രാ​ർ നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഇ​ര​ട്ടി​യാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ആ​ഗോ​ള സു​ര​ക്ഷ​യി​ലും കരാ​ർ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കും. റ​ഷ്യ-​യുക്രെ​യ്ൻ യു​ദ്ധം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാഷ്‌ട്ര വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​പ​ക്ഷ​വും ച​ർ​ച്ച​ക​ൾ ന​ട​ത്തും. പ്രാ​ദേ​ശി​ക​മാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും സു​സ്ഥി​ര​മാ​യ ഒ​രു ആ​ഗോ​ള​ക്ര​മം നി​ല​നി​ർ​ത്തു​ന്ന​തി​ൽ ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ഒ​രേ നി​ല​പാ​ടി​ലാ​ണ്.

2007ൽ ​ആ​രം​ഭി​ച്ച ച​ർ​ച്ച​ക​ൾ പ​ല​ത​വ​ണ ത​ട​സ​പ്പെ​ട്ടെ​ങ്കി​ലും, 2022ൽ ​പു​ന​രാ​രം​ഭി​ച്ച ച​ർ​ച്ച​ക​ളാ​ണ് ഇ​പ്പോ​ൾ ഒ​രു വ​ൻ ക​രാ​റി​ലേ​ക്ക് എ​ത്തി​നി​ൽ​ക്കു​ന്ന​ത്. ചൈ​ന​യെ​യും അ​മേ​രി​ക്ക​യെ​യും അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കാ​ൻ യൂ​റോ​പ്പും ആ​ഗോ​ള വി​പ​ണി​യി​ൽ കൂ​ടു​ത​ൽ വേ​രോ​ട്ട​മു​ണ്ടാ​ക്കാ​ൻ ഇ​ന്ത്യ​യും ആ​ഗ്ര​ഹി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​രാ​ർ വ​ലി​യ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു.

Leave A Comment