അന്തര്‍ദേശീയം

കർക്കടക വാവ് ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് സൗകര്യം ഉറപ്പാക്കണം; ഹൈക്കോടതി

കൊച്ചി : കർക്കടക വാവിന് ആലുവ മണപ്പുറത്ത് നടക്കുന്ന ബലിതർപ്പണത്തിന് മതിയായ സൗകര്യം ഉറപ്പാക്കാൻ ഹൈക്കോടതിയുടെ നിർദേശം. റവന്യു വകുപ്പ്, പെതുമരാമത്ത്, പോലീസ്, ആലുവ മുനിസിപ്പാലിറ്റി, കെ.എസ്.ആർ.ടി.സി. എന്നിവർക്കാണ് ഇക്കാര്യത്തിൽ നിർദേശം നൽകിയിരിക്കുന്നത്. ഇവരെയെല്ലാം പങ്കെടുപ്പിച്ച് വെള്ളിയാഴ്ച യോഗം വിളിക്കാൻ തിരുവിതാംv കൂർ ദേവസ്വം ബോർഡിനും നിർദേശം നൽകി. ശിവരാത്രിക്ക്‌ നടത്തിയ പോലെ തിരിച്ചറിയൽ കാർഡുള്ള ശാന്തിക്കാരെയേ ബലിതർപ്പണം നടത്തുന്നതിന് കാർമികരാകാൻ അനുവദിക്കാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.

മാധ്യമ വാർത്തയെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും അടങ്ങിയ ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.

കർക്കടക വാവിനോടനുബന്ധിച്ചുള്ള ബലിതർപ്പണത്തിന്റെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാനായി 12-ന് യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ റവന്യു അധികൃതർ അടക്കം പങ്കെടുത്തില്ല. ഇതിനെ തുടർന്നാണ് ബന്ധപ്പെട്ട എല്ലാവരെയും പങ്കെടുപ്പിച്ച് യോഗം വിളിക്കാൻ നിർദേശിച്ചിരിക്കുന്നത്. ക്രമസമാധാനം ഉറപ്പാക്കാൻ ജില്ല പോലീസ് സൂപ്രണ്ടിനും ആലുവ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും നിർദേശം നൽകി. ആവശ്യമായ സഹായം ലഭ്യമാക്കണമെന്ന് റവന്യു അധികൃതരോടും ആലുവ മുനിസിപ്പാലിറ്റിയോടും നിർദേശിച്ചിട്ടുണ്ട്. ജൂലായ് 28-നാണ് കർക്കടക വാവ്.

Leave A Comment