അന്തര്‍ദേശീയം

ഫിലിപ്പീൻസിൽ ശക്തമായ ഭൂകമ്പം; 15 മരണം, 200 പേർക്ക് പരിക്ക്

മിൻഡാനാവോ: ഫിലിപ്പീൻസിലെ തെക്കൻ ദ്വീപായ മിൻഡാനാവോയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ കുറഞ്ഞത് 15 പേർ മരിച്ചു. 200 ഓളം പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് രാവിലെ 7.37ഓടെ അനുഭവപ്പെട്ടത്.

സാരൻഗാനി പ്രവിശ്യയിലെ കബ്ലലാൻ പ്രദേശത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് റിപ്പോർട്ട് ചെയ്യുന്നു. ജനറൽ സാന്റോസ് സിറ്റിയുടെ തീരപ്രദേശങ്ങൾക്ക് സമീപമായിരുന്നു ഭൂകമ്പത്തിന്റെ കേന്ദ്രം.

ഭൂചലനത്തിന് പിന്നാലെ സുനാമി തരംഗങ്ങളും രൂപപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീരപ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുന്ന നടപടികൾ തുടരുകയാണ്. നിരവധി പ്രദേശങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. കുറഞ്ഞത് 38 കെട്ടിടങ്ങൾ തകർന്നതായും റിപ്പോർട്ടുണ്ട്.

ഇന്തോനേഷ്യയും മലേഷ്യയും ഉൾപ്പെടെ സമീപ രാജ്യങ്ങളുടെ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രക്ഷാപ്രവർത്തകർ പ്രദേശത്ത് സജീവമായി തുടരുകയാണ്.

Leave A Comment