കേരളം

കെല്‍ട്രോണിനും കുടിശിക; എ ഐ ക്യാമറ കരാര്‍ ജീവനക്കാരെ പിന്‍വലിച്ചു

തിരുവനന്തപുരം: എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ നിയോഗിച്ച കരാര്‍ ജീവനക്കാരെ പിന്‍വലിച്ച് കെല്‍ട്രോണ്‍. കരാര്‍ പ്രകാരമുള്ള തുക സര്‍ക്കാരില്‍ നിന്ന് ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. മൂന്ന് മാസത്തെ കുടിശ്ശികയായി 11 കോടിരൂപയാണ് സര്‍ക്കാര്‍ കെല്‍ട്രോണിന് നല്‍കാനുള്ളത്. വിഷയം ധനമന്ത്രിയുമായി സംസാരിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

എ ഐ ക്യാമറകളില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ഇപ്പോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടെങ്കിലും കണ്‍ട്രോള്‍ റൂമിലുള്ളത് മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ മാത്രമാണ്. നിയമലംഘനങ്ങള്‍ വേര്‍തിരിച്ച് നോട്ടീസ് അയയ്ക്കുന്നതിനാണ് കരാര്‍ ജീവനക്കാരെ ചുമതലപ്പെടുത്തിയിരുന്നത്. ഈ ജീവനക്കാര്‍ക്ക് കെല്‍ട്രോണ്‍ പ്രത്യേക പരിശീലനവും നല്‍കിയിരുന്നു.

മൂന്ന് മുതല്‍ അഞ്ച് വരെ ജീവനക്കാരാണ് ഓരോ ജില്ലകളിലും ഉണ്ടായിരുന്നത്. ദിവസങ്ങളായി പല കണ്‍ട്രോള്‍ റൂമുകളിലും ജീവനക്കാര്‍ എത്തിയിട്ടില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ക്യാമറകള്‍ സ്ഥാപിച്ചതും അത് പരിപാലിക്കാന്‍ സര്‍ക്കാര്‍ ഏല്‍പ്പിച്ചതും കെല്‍ട്രോണിനെയായിരുന്നു. കരാര്‍ തുക നല്‍കിയില്ലെന്ന് കാട്ടി കെല്‍ട്രോണ്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാരില്‍ നിന്ന് മറുപടി ലഭിച്ചില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Leave A Comment