കേരളം

ജെസ്നയ്ക്കായി ഇന്റർപോൾ വഴി യെല്ലോ നോട്ടീസ്; പിതാവിന് കോടതി നോട്ടീസ്

തിരുവനന്തപുരം:   ജെസ്‌ന തിരോധാനക്കേസില്‍ ജെസ്‌നയുടെ പിതാവിന് കോടതി നോട്ടീസ്. സിബിഐ റിപ്പോര്‍ട്ടിന്മേല്‍ പരാതി ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവനന്തപുരം സിജെഎം കോടതി ജെസ്‌നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന് നോട്ടീസ് നല്‍കിയത്. 

നോട്ടീസിന് ഈ മാസം 19 നകം മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ജെസ്നയ്ക്കായി ഇന്റർപോൾ വഴി യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചെന്ന് സിബിഐ പറയുന്നു. ജെസ്‌ന മരിച്ചതിനു തെളിവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രാജ്യത്ത് റിപ്പോർട്ട് ചെയ്ത അജ്ഞാത മൃതദേഹങ്ങൾ പരമാവധി പരിശോധിച്ചിരുന്നു. തിരോധാനത്തിന് പിന്നിൽ തീവ്രവാദ സംഘങ്ങൾക്ക് പങ്കില്ലെന്നും സിബിഐ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 

ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിച്ച് സിബിഐ കോടതിയില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രാജ്യത്തിനകത്തും പുറത്തും നീണ്ട മൂന്ന് വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് സിബിഐ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നും, മകളെ കാണാതായതായി പരാതി നല്‍കി ഏഴാം ദിവസമാണ് പൊലീസ് പരാതിയില്‍ അന്വേഷണത്തിനായി വീട്ടിലെത്തിയത്. പൊലീസ് തുടക്കത്തില്‍ കാണിച്ച വീഴ്ചയാണ് ജെസ്‌ന കാണാമറയത്ത് തുടരുന്നതിന് കാരണമെന്നും ജെസ്‌നയുടെ പിതാവ് ആരോപിച്ചിരുന്നു.

2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജെസ്ന മരിയ ജയിംസിനെ എരുമേലിയില്‍നിന്ന് കാണാതായത്‌. അടുത്ത ദിവസം എരുമേലി പൊലീസ് സ്റ്റേഷനിൽ വീട്ടുകാർ പരാതി നൽകിയിരുന്നു. 2021 ഫെബ്രുവരിയില്‍ ഹൈക്കോടതിയാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. 

സിബിഐ കേസ് അവസാനിപ്പിച്ചത് സാങ്കേതിക നടപടി മാത്രമെന്നും, എന്തെങ്കിലും ലീഡ് ലഭിച്ചാൽ വീണ്ടും അന്വേഷിക്കാവുന്നതേയുള്ളൂവെന്നും മുൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച ഏജന്‍സിയാണ് സിബിഐയെന്നും, പ്രപഞ്ചത്തില്‍ എവിടെ ജെസ്ന ജീവിച്ചാലും മരിച്ചാലും സിബിഐ കണ്ടെത്തുമെന്നും തച്ചങ്കരി പറഞ്ഞു.

തന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായ ചില വിവരങ്ങൾ ലഭിച്ചിരുന്നു. കയ്യെത്തുംദൂരത്തു ജെസ്നയുണ്ടെന്ന നിലയിലേക്കു കാര്യങ്ങൾ എത്തിയെങ്കിലും കോവിഡ് ലോക്ഡൗൺ തിരിച്ചടിയായെന്നും തച്ചങ്കരി വ്യക്തമാക്കിയിരുന്നു.

Leave A Comment