കേരളം

ആന്‍ ടെസ ജോസഫ് തിരികെയെത്തി; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി നാട്ടിലെത്തി

കൊച്ചി: ഇറാൻ പിടിച്ചെടുത്ത കപ്പലിൽ കുടുങ്ങിയ മലയാളി യുവതി ആൻ ടെസ്സ ജോസഫ് കേരളത്തിലെത്തി. അൽപ സമയം മുൻപാണ് ആൻ ടെസ്സ ജോസഫ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. തൃശൂർ വെളുത്തൂർ സ്വദേശി ആൻടെസ്സ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. ഒമാന് സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ ചേർന്ന് ഇവരെ സ്വീകരിച്ചു.‘ടെഹ്‌റാനിലെ ഇന്ത്യൻ മിഷന്റെയും ഇറാൻ സർക്കാരിന്റെയും യോജിച്ച ശ്രമങ്ങളോടെ, ചരക്കുക്കപ്പലായ എംഎസ്‌സി ഏരീസിലെ ഇന്ത്യൻ ക്രൂ അംഗങ്ങളിലൊരാളായ കേരളത്തിലെ തൃശൂരിൽ നിന്നുള്ള ഇന്ത്യൻ ഡെക്ക് കേഡറ്റ് ആൻ ടെസ ജോസഫ് സുരക്ഷിതമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി‌.’’ – വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു. ടെഹ്‌റാനിലെ ഇന്ത്യൻ ദൗത്യം തുടരുകയാണെന്നും ശേഷിക്കുന്ന 16 ഇന്ത്യൻ ക്രൂ അംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ക്രൂ അംഗങ്ങൾ സുരക്ഷിതരാണെന്നും ഇന്ത്യയിലെ അവരുടെ കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Leave A Comment