കേരളം

ദേശീയപാത വികസനം എറണാകുളം ജില്ലയിൽ നഷ്ടപരിഹാര വിതരണം പൂർത്തിയായി


കൊച്ചി: ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് അനുവദിച്ച മുഴുവൻ തുകയുടെയും വിതരണം എറണാകുളം ജില്ലയിൽ പൂർത്തിയായി. 1401 കോടി രൂപയാണ് നഷ്ടപരിഹാര വിതരണത്തിനായി ഇതുവരെ  അനുവദിച്ചത്. 

നഷ്ടപരിഹാര വിതരണം സംസ്ഥാനത്തുതന്നെ ഏറ്റവും വേഗതയിൽ പൂർത്തിയാക്കിയ  ജില്ലയാണ് എറണാകുളം. അനുവദിച്ച പണം പൂർണ്ണമായും വിതരണം ചെയ്ത ഏക ജില്ലയും എറണാകുളം മാത്രമാണ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രാഥമിക വിജ്ഞാപനം 2011ലും അന്തിമ വിജ്ഞാപനം 2012ലും ഇറങ്ങിയെങ്കിലും നഷ്ടപരിഹാര വിതരണം ഇതുവരേയും പൂർത്തീയായിട്ടില്ല. 

     അതേസമയം എറണാകുളം ജില്ലയിൽ പ്രാഥമിക വിജ്ഞാപനം 2020ലും അന്തിമ വിജ്ഞാപനം 2021ലും മാത്രമാണ് ഇറങ്ങിയത്. കേവലം ഒന്നര വർഷം കൊണ്ടാണ് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ച് ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാര വിതരണവും പൂർത്തീയാക്കിയത്.

        ജില്ലാകളക്ടറുടെ മേൽനോട്ടത്തിൽ കൃത്യമായ കർമ്മപദ്ധതി തയ്യാറാക്കി ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ജീവനക്കാർ സ്വമേധയാ അവധിദിവസങ്ങളിലും അധിക സമയങ്ങളിലും അർപ്പണ മനോഭാവത്തോടെ കഠിനാദ്ധ്വാനം ചെയ്തതിന്റെ ഫലമായാണ് മൂന്നുമാസം കൊണ്ട് ഈ നേട്ടം കൈവരിക്കാനായത്.

2253 കൈവശങ്ങളിൽ നിന്നാണ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത്. ഭൂമിയുടെ നഷ്ടപരിഹാരമായി 1140 കോടി രൂപയും. നിർമ്മിതികളുടെ നഷ്ടപരിഹാരമായി 256 കോടി രൂപയും, മരങ്ങളുടെയും, കാർഷിക വിളകളുടെയും നഷ്ടപരിഹാരമായി രണ്ടു കോടി രൂപയും, പുനരധിവാസത്തിന് മൂന്നു കോടി രൂപയുമാണ് വിതരണം ചെയ്തിട്ടുള്ളത്. ഇതിൽ 1199 കോടി രൂപ ഭൂ ഉടമസ്ഥരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് അനുവദിച്ചു. 

അവകാശ തർക്കങ്ങളിൽ ഉൾപ്പെട്ടതുൾപ്പടെയുള്ള ഭൂമിയുടെ നഷ്ടപരിഹാരമായി 132 കോടി രൂപ കോടതിയിൽ കെട്ടിവയ്ക്കുകയും സർക്കാർ-പൊതുമേഖല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നഷ്ടപരിഹാരമായി 28 കോടി രൂപ സർക്കാർ ഖജനാവിൽ അടയ്ക്കുകയും രേഖകൾ ഹാജരാക്കാത്തതും കെട്ടിടം വിട്ടൊഴിയാത്തതുമായ കേസുകളിൽ ഉൾപ്പെട്ട 42 കോടി രൂപ ട്രഷറിയിൽ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.

Leave A Comment