കേരളം

ബന്ധു നിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്റ അളിയൻ ബെന്നി തോമസ് രാജിവെച്ചു

തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമന വിവാദത്തിനൊടുവിൽ രാജി. മന്ത്രി സണ്ണി ജോസഫിന്റ അളിയൻ ബെന്നി തോമസ് രാജി വെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി വിഡി സതീശന് കൈമാറി. ഇന്നലെ ബന്ധു നിയമന വിവാദത്തെ ചൊല്ലി കെപിസിസി യോഗത്തിൽ സണ്ണി ജോസഫിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പേഴ്സണൽ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നുവെന്നും വിവാദത്തിന് ഇട നൽകരുതായിരുന്നുവെന്നുമായിരുന്നു വിമർശനം ഉയർന്നത്. എന്നാൽ, വിമർശനത്തിന് പിന്നാലെയും ബന്ധു നിയമനത്തെ ന്യായീകരിച്ച് മന്ത്രി വീണ്ടും രം​ഗത്തെത്തിയിരുന്നു. ബന്ധുവെന്ന നിലയിലല്ല, പൊതു പ്രവര്‍ത്തനത്തിലെ പരിചയ സമ്പന്നൻ എന്ന നിലയിലാണ് ബെന്നി തോമസിന്‍റെ നിയമനമെന്ന് കെപിസിസി യോഗത്തിന് ശേഷം മന്ത്രി പറഞ്ഞിരുന്നു. നിയമപരമായ തടസ്സമില്ലെന്ന വാദവും ആവര്‍ത്തിച്ചു. മന്ത്രി സണ്ണി ജോസഫിൻ്റെ സഹോദരി ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയതാണ് വിവാദമായത്. ഇടത് കാലത്തെ ബന്ധുനിയമനത്തിനെതിരെ ആഞ്ഞടിച്ച യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ പറഞ്ഞതെല്ലാം മറന്നുവെന്നായിരുന്നു വിമർശനം.

Leave A Comment