കേരളം

'അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ട്'; ചെന്നിത്തല

തിരുവനന്തപുരം: ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിയുടെ വേരറുക്കുമെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായ ശേഷം ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തുടരുകയാണ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്നലെ വരെ 4146 കേസുകൾ രജിസ്റ്റര്‍ ചെയ്തു. വിവിധ ലഹരിക്കേസുകളിലായി 4471 പേർ അറസ്റ്റിലായിട്ടുണ്ട്. അതിനിടെ മയക്കുമരുന്ന് മാഫിയയുടെ അന്താരാഷ്ട്ര കണ്ണികളെ കുറിച്ച് കൃത്യമായ വിവരം കിട്ടിയെന്ന് ഡി ജി പി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും തുടരന്വേഷണം കൂടുതൽ ഊർജ്ജിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിക്കടത്തിന്‍റെ കൃത്യമായ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി മറ്റ് സംസ്ഥാനങ്ങളുടെ ഏകോപനത്തോടെയുള്ള അന്വേഷണം തുടരുകയാണ്. ഇതിന്റെ ഭാഗമായി ജൂലൈ രണ്ടാം വാരത്തിൽ മറ്റ് സംസ്ഥാനങ്ങളിലെ ഡി ജി പിമാരുടെ പ്രത്യേക യോഗം ചേരുമെന്നും റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.

ലഹരിക്കടത്തിന്‍റെ പ്രധാന കേന്ദ്രം ബെംഗളൂരുവാണെന്ന് ഡി ജി പി പറഞ്ഞു. ആന്ധ്ര - ഒറീസ അതിർത്തിയിൽ നിന്നാണ് പ്രധാനമായും കഞ്ചാവ് എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡി ജി പിമാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. കൂടാതെ തായ്‍ലന്‍റ്, കംബോഡിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ മയക്കുമരുന്ന് മാഫിയകളുമായി പല പ്രതികൾക്കുമുള്ള ബന്ധം അന്വേഷണത്തിൽ കണ്ടെത്തി. ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങൾ മറ്റ് അന്വേഷണ ഏജൻസികളുമായി പങ്കുവെച്ചിട്ടുണ്ടെന്നും ലഹരി വിപത്തിനെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യുവാക്കൾക്കിടയിലും ബോധവൽക്കരണം ശക്തമായി നടത്തുന്നുണ്ടെന്നും ഡി ജി പി കൂട്ടിച്ചേർത്തു.

Leave A Comment