പി.എസ്.സി. നിയമനത്തിൽ സർക്കാർ ഇടപെടൽ; ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ 3 ആഴ്ച
തിരുവനന്തപുരം: സർക്കാർ വകുപ്പുകളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും ഒഴിവുകൾ മൂന്ന് ആഴ്ചയ്ക്കകം കേരള പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യണമെന്ന് വകുപ്പ് മേധാവികൾക്ക് സർക്കാർ നിർദേശം നൽകി. ഭരണപരിഷ്കാര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നിർദേശത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
താത്കാലിക നിയമനങ്ങളിലെ ക്രമക്കേടും അഴിമതിയും സംബന്ധിച്ച പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് സർക്കാർ കടുത്ത നിലപാട് സ്വീകരിച്ചത്. ആദ്യഘട്ട നടപടിയായാണ് കത്ത് നൽകിയിരിക്കുന്നത്. പി.എസ്.സി. നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളിലും സർക്കാർ തുടർനടപടികൾ പരിഗണിക്കുന്നതായാണ് വിവരം.
ഇതിനിടെ പി.എസ്.സി.യുടെ എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലേക്കുള്ള റിസർച്ച് ഓഫീസർ പരീക്ഷയിലും ക്രമക്കേട് ആരോപിച്ച് ഉദ്യോഗാർഥികൾ രംഗത്തെത്തി. ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായ പരീക്ഷയിൽ ചോദ്യങ്ങളുടെ നിലവാരം പ്ലസ് ടു നിലവാരത്തിലായിരുന്നുവെന്നും 100 ചോദ്യങ്ങളിൽ 54 എണ്ണത്തിന്റെയും ശരിയുത്തരം 'ബി' ഓപ്ഷനായിരുന്നുവെന്നുമാണ് പരാതി.
ഉത്തരസൂചിക പ്രസിദ്ധീകരിച്ചതോടെയാണ് പരീക്ഷയുടെ സുതാര്യത സംബന്ധിച്ച സംശയങ്ങൾ ശക്തമായത്. പുനഃപരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
അതേസമയം, പി.എസ്.സി. നിയമനങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്.
Leave A Comment