കേരളം

പെരുമ്പാവൂർ ലഹരി ക്യാപിറ്റൽ എന്ന മേൽവിലാസം മാറണം: രമേശ് ചെന്നിത്തല

പെരുമ്പാവൂർ: പെരുമ്പാവൂരിനെ ലഹരിമുക്തമാക്കാനുള്ള ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും "പെരുമ്പാവൂർ ലഹരി ക്യാപിറ്റൽ" എന്ന മേൽവിലാസം മാറണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

പെരുമ്പാവൂരിൽ സംഘടിപ്പിച്ച 'ഓപ്പറേഷൻ തൂഫാൻ ജാഗരൺ' റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വ്യാപനത്തിന്റെ പേരിൽ അതിഥി തൊഴിലാളികളെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും മലയാളികൾക്കും അതിൽ പങ്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ലഹരിവിൽപന അവസാനിപ്പിച്ചില്ലെങ്കിൽ കർശന നടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയ മന്ത്രി, ലഹരിമാഫിയയെ ശക്തമായി നേരിടുമെന്നും പറഞ്ഞു. കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ഡി.ജി.പി.മാരുടെ സംയുക്ത യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും ലഹരിവേട്ടയ്ക്കായി പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഓപ്പറേഷൻ തൂഫാനിന്റെ പ്രവർത്തനങ്ങളിൽ പൊലീസിനെയും ഡി.ജി.പി.യെയും മന്ത്രി അഭിനന്ദിച്ചു. കേരളത്തിന്റെ തെരുവുകളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment