കേരളം

വിദ്യാർഥി ബസ് കൺസെഷൻ പ്രായപരിധി 27 ആയി ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർഥി ബസ് കൺസെഷന്റെ പ്രായപരിധി 27 വയസ്സായി ഉയർത്തി മോട്ടോർ വാഹന വകുപ്പ്. നേരത്തെ 24 വയസ്സായിരുന്നു പരിധി. വിദ്യാർഥികളുടെ യാത്രാപരിധിയും 40 കിലോമീറ്ററായി വർധിപ്പിച്ചു.

സ്വകാര്യ ബസുകളിൽ കൺസെഷനെച്ചൊല്ലി വിദ്യാർഥികളും ജീവനക്കാരും തമ്മിലുള്ള തർക്കങ്ങൾ പതിവായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. പുതുക്കിയ മാനദണ്ഡപ്രകാരം രാവിലെ 6 മുതൽ വൈകിട്ട് 7 വരെ വിദ്യാർഥികൾക്ക് കൺസെഷൻ നിരക്കിൽ യാത്ര ചെയ്യാം.

മുഴുവൻ സമയ വിദ്യാർഥികൾക്കും സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കുമാണ് ആനുകൂല്യം ലഭിക്കുക. ക്രാഷ് കോഴ്സുകളും പാർട്ട് ടൈം കോഴ്സുകളും ചെയ്യുന്നവർക്ക് കൺസെഷന് അർഹതയുണ്ടാകില്ല.

കൺസെഷൻ വിതരണത്തിലെ സുതാര്യത ഉറപ്പാക്കാൻ അപേക്ഷാ നടപടികൾ പൂർണമായും ഓൺലൈനാക്കും. 'എംവിഡി ലീഡ്സ്' മൊബൈൽ ആപ്പ് വഴിയാണ് വിദ്യാർഥികൾ അപേക്ഷിക്കേണ്ടത്.

ആദ്യഘട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആപ്പിൽ രജിസ്റ്റർ ചെയ്യണം. മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി അംഗീകാരം നൽകിയ ശേഷം വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്ന വിദ്യാർഥി സ്ഥാപനത്തിൽ പഠിക്കുന്നയാളാണെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും കൺസെഷൻ അനുവദിക്കുക.

Leave A Comment