സാഹിത്യ അക്കാദമിയിലെ ചട്ടവിരുദ്ധ താൽക്കാലിക നിയമനങ്ങൾ റദ്ദാക്കാൻ ശുപാർശ
തിരുവനന്തപുരം: സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ തസ്തികകൾ സൃഷ്ടിച്ചും ചട്ടങ്ങൾ ലംഘിച്ചും കേരള സാഹിത്യ അക്കാദമിയിലും അതിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലുമായി നടത്തിയ താൽക്കാലിക നിയമനങ്ങൾ റദ്ദാക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗം ശുപാർശ ചെയ്തു. ഇക്കാര്യം അക്കാദമിയെ അറിയിക്കാൻ സാംസ്കാരിക വകുപ്പിനും നിർദേശം നൽകണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
2013-ലെ സർക്കാർ ഉത്തരവ് പ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സാഹിത്യ അക്കാദമിയിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ പാടില്ല. കൂടാതെ താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തണമെന്നാണ് അക്കാദമി ചട്ടം. എന്നാൽ 2014 മുതൽ 2024 വരെ നടത്തിയ കരാർ നിയമനങ്ങളിൽ ഈ വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്നാണ് ധനകാര്യ പരിശോധന വിഭാഗത്തിന്റെ കണ്ടെത്തൽ.
അംഗീകൃത തസ്തികകളില്ലാതെ 15 കരാർ നിയമനങ്ങളാണ് നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ഡ്രൈവർമാർ മുതൽ വിവിധ പദ്ധതികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ നിയമനങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. നിയമനങ്ങൾ നടത്തിയശേഷം മുൻകാല പ്രാബല്യത്തോടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരം നേടുന്നതായിരുന്നു പതിവെന്നും പരിശോധനയിൽ കണ്ടെത്തി.
അംഗീകൃത തസ്തികകളില്ലാതെ മൂന്ന് പേരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിച്ചതും റദ്ദാക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. 2007 മുതൽ 2011 വരെ ദിവസവേതനത്തിൽ നിയമിച്ച അഞ്ച് പേരെ ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ സ്ഥിരപ്പെടുത്തണമെന്ന അക്കാദമിയുടെ ശുപാർശ പരിഗണിക്കുമ്പോൾ നിയമ-ധനകാര്യ വകുപ്പുകളുടെ അഭിപ്രായം കൂടി തേടണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.
ആറ് സ്ഥിരം തസ്തികകൾ ഒഴിഞ്ഞുകിടക്കെയായിരുന്നു കരാർ, ദിവസവേതന നിയമനങ്ങൾ നടത്തിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സാഹിത്യ അക്കാദമിയിലെ നിയമനങ്ങളെക്കുറിച്ച് ധനകാര്യ പരിശോധന വിഭാഗം അന്വേഷണം നടത്തി മെയ് മാസത്തിൽ റിപ്പോർട്ട് സമർപ്പിച്ചത്.
Leave A Comment