കേന്ദ്രത്തിനെതിരെ ആളിപ്പടർന്ന് എസ്എഫ്ഐ പ്രതിഷേധം; സംഘർഷം
തിരുവനന്തപുരം: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എസ്എഫ്ഐ നടത്തിയ സമരങ്ങൾ സംഘർഷത്തിൽ കലാശിച്ചു. തിരുവനന്തപുരത്ത് ലോക് ഭവനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു. പോലീസ് വിദ്യാർഥികൾക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. കൊച്ചിയിലും തൃശൂരിലും ആലപ്പുഴയിലും നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും സമരക്കാർ പിരിഞ്ഞുപോകാൻ തയാറായില്ല.
കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പോലീസ് വാഹനത്തിന് മുകളിൽ കയറിയ പ്രവർത്തകരെ പോലീസ് ജലപീരങ്കി പ്രയോഗിച്ച് നീക്കുകയായിരുന്നു. പത്തനംതിട്ടയിൽ വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയാണ്.
പാലക്കാടും കാസർഗോഡും നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ചും സംഘർഷത്തിൽ അവസാനിച്ചു. പാലക്കാട് എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
Leave A Comment