പെരുമ്പാവൂരിൽ വീരക്കൽ ലിഖിതം കണ്ടെത്തി; വേണാട് ചരിത്രത്തിന് പുതിയ തെളിവ്
പെരുമ്പാവൂർ: എ ഡി 13-14-ാം നൂറ്റാണ്ടുകളിൽ വേണാട് രാജ്യം പെരുമ്പാവൂർ വരെ വ്യാപിച്ചിരുന്നതിന് തെളിവായി അശമന്നൂരിൽ വീരക്കൽ ലിഖിതം കണ്ടെത്തി. അശമന്നൂരിലെ തിരുവല്ലാഴപ്പൻ ക്ഷേത്രത്തിന് സമീപമുള്ള പുരാതന മനയുടെ മുറ്റത്ത് മണ്ണിനടിയിൽ നിന്നാണ് ലിഖിതം കണ്ടെത്തിയത്. ലിഖിതത്തിലെ പരാമർശം പ്രകാരം, രാജാവിന്റെ അംഗരക്ഷകനായിരുന്ന വേണാട്ടിലെ വീരൻ ചേകൻ മരിച്ച സ്ഥലമാണ് ഇതെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.
തൃപ്പൂണിത്തുറ ഹിൽപാലസിലെ സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിന്റെ ഡയറക്ടർ ജനറൽ ഡോ. എം ആർ രാഘവവാരിയരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് ലിഖിതം വായിച്ചു. "ർ...തിരുവടിയെ തിരുവടി കാപ്പുകൊണ്ട് വേണാട്ടു വീരൻ ചേകവൻ പട്ട നിലം" എന്ന് വായിക്കാവുന്ന ഈ ലിഖിതം അതീവ ചരിത്ര മൂല്യമുള്ളതാണെന്നും പുരാവസ്തു വകുപ്പ് ഇത് ഏറ്റെടുത്ത് സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജാവിന്റെ പേര് രേഖപ്പെടുത്തിയിരുന്ന ഭാഗം വീരക്കല്ലിൽ മാഞ്ഞുപോയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാടിനെയും കർണാടകത്തെയും അപേക്ഷിച്ച് കേരളത്തിൽനിന്ന് വീരക്കൽ ലിഖിതങ്ങൾ അപൂർവമായാണ് കണ്ടെത്തിയിട്ടുള്ളതെന്ന് കോഴിക്കോട് പഴശ്ശിരാജ മ്യൂസിയത്തിലെ മ്യൂസിയം ഓഫീസർ കെ കൃഷ്ണരാജ് പറഞ്ഞു. ലിപിശൈലിയുടെ അടിസ്ഥാനത്തിൽ ഈ ലിഖിതം 13-14-ാം നൂറ്റാണ്ടിലേതാണെന്ന് കണക്കാക്കാമെന്നും അന്നത്തെ വേണാടിന്റെ അധികാരം പെരുമ്പാവൂർ പ്രദേശം വരെ വ്യാപിച്ചിരുന്നതിന്റെ സൂചനകൾ ഇതിൽനിന്ന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിലെ ചരിത്ര പൈതൃകം കണ്ടെത്തുന്നതിനുള്ള 'ഡിസ്കവറി ഓഫ് ലോക്കൽ ഹിസ്റ്ററി' പദ്ധതിയുടെ ഭാഗമായി നടത്തിയ പഠനത്തിനിടെയാണ് പെരുമ്പാവൂർ ലോക്കൽ ഹിസ്റ്ററി റിസർച്ച് സെന്റർ ഡയറക്ടർ ഇസ്മായിൽ പള്ളിപ്രം ഭൂമിക്കടിയിലെ പാറയിൽ കൊത്തിയ ശിലാലിഖിതം കണ്ടെത്തി പുരാവസ്തു വകുപ്പിനെ അറിയിച്ചത്. അശമന്നൂരിലെ തിരുവല്ലാഴപ്പൻ ക്ഷേത്രത്തിന് സമീപം പുരാതന മനയുടെ മുറ്റത്ത് മണ്ണിനടിയിൽ കണ്ടെത്തിയ വീരക്കൽ ലിഖിതം തൃപ്പൂണിത്തുറ ഹിൽപാലസ് സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിന്റെ ഡയറക്ടർ ജനറൽ ഡോ. എംആർ രാഘവവാരിയരുടെയും പെരുമ്പാവൂർ ലോക്കൽ ഹിസ്റ്ററി റിസർച്ച് സെന്റർ ഡയറക്ടർ ഇസ്മായിൽ പള്ളിപ്രത്തിന്റെയും നേതൃത്വത്തിൽ പരിശോധിച്ചു.
Leave A Comment