ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ ആക്രമണങ്ങൾ; പിന്നിൽ സംഘപരിവാറെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്ത് വിവിധയിടങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ശക്തികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലും ഇത്തരം ശക്തികൾ തല പൊക്കുന്നത് ഗൗരവതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ട് ആരംഭിച്ച പത്രസമ്മേളനത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ അസ്വസ്ഥതയുളവാക്കുന്നുവെന്നും പിണറായി അഭിപ്രായപ്പെട്ടു.എല്ലാത്തിനും പിന്നിൽ സംഘ പരിവാർ ശക്തികളാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഉത്തർപ്രദേശ് സർക്കാർ ക്രിസ്മസ് അവധി തന്നെ റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തെ ബിജെപി ന്യായീകരിച്ചതായും പിണറായി വ്യക്തമാക്കി.
തപാൽ ഓഫീസിൽ ഗണഗീതം പാടണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടതിനെ തുടർന്ന് ക്രിസ്മസ് ആഘോഷം തന്നെ റദ്ദാക്കിയ സംഭവത്തെയും മുഖ്യമന്ത്രി വിമർശിച്ചു. ചില സ്കൂളുകൾ ആഘോഷം റദ്ദാക്കുകയുണ്ടായി. ഇതിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പാലക്കാട് വാളയാറിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ട് വന്നെന്നും പിണറായി വിജയൻ പറഞ്ഞു. അപര വിദ്വേഷത്തിന്റെ ആശയത്തിൽ ആകൃഷ്ടരായവർ ആണ് പിന്നിൽ. യുപി മോഡൽ അക്രമം പറിച്ചു നടാൻ ആണ് ശ്രമം നടന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Leave A Comment