വിവാഹബന്ധം വേർപെടുത്തി; യുവതി ഭർത്താവിന് 10 ലക്ഷം നൽകണമെന്ന് വിധി
കണ്ണൂർ: കണ്ണൂർ കുടുംബക്കോടതിയിൽ നിന്ന് നാഴികക്കല്ലാകുന്ന വിധി. വിവാഹബന്ധം വേർപെടുത്തിയ യുവതി ഭർത്താവിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ നൽകാൻ കുടുംബ കോടതി ഉത്തരവ്.
മുസ്‌ലിം നിയമപ്രകാരം ഖുൽ-അ ചെയ്ത് വിവാഹബന്ധം വേർപെടുത്തിയ ഭാര്യയാണ് ഭർത്താവിന് നഷ്ടപരിഹാരം നൽകേണ്ടത്. വിവാഹസമയത്ത് ഭർത്താവ് നൽകിയ സ്വർണാഭരണങ്ങളോ അല്ലെങ്കിൽ അതിന്റെ വിലയോ തിരിച്ചുനൽകണമെന്നും കണ്ണൂർ കുടുംബ കോടതി ജഡ്ജി ആർ.എൽ. ബൈജു ഉത്തരവിട്ടു. മഹർ ഉൾപ്പെടെ 75.524 ഗ്രാം സ്വർണമോ അല്ലെങ്കിൽ 7,22,212 രൂപയോ നൽകണമെന്നാണ് ഉത്തരവ്.
2022 ജൂൺ 17 നാണ് ചാല സ്വദേശിയായ ഹർജിക്കാരൻ പാപ്പിനിശ്ശേരി സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത്. വിവാഹസമയത്ത് ന്യൂസീലൻഡിൽ ജോലിചെയ്യുകയായിരുന്നു യുവാവ്.
വിവാഹശേഷം ഭാര്യയെ ന്യൂസീലൻഡിലേക്ക് കൊണ്ടുപോകാൻ എല്ലാ ഒരുക്കങ്ങളും ചെയ്ത് വിമാന ടിക്കറ്റുകൾ ഉൾപ്പെടെ എടുത്തു.പക്ഷേ യുവതി പോകാൻ വിസമ്മതിച്ചു. ഇതോടെ യുവാവ് പ്രതിസന്ധിയിലായി.
പിന്നീട് ഖുൽ-അ നിയമപ്രകാരം യുവതി വിവാഹബന്ധം വേർപെടുത്തിയതായി അറിയിക്കുകയായിരുന്നു എന്നാണ് പരാതി. വിവാഹബന്ധം വേർപെടുത്തിയശേഷം യുവതി മറ്റൊരാളെ വിവാഹം ചെയ്തു. തുടർന്നാണ് യുവാവ് കുടുംബ കോടതിയെ സമീപിച്ചത്.
വിവാഹ ശേഷം രണ്ടാഴ്ചയോളം മാത്രമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. വിവാഹബന്ധം വേർപ്പെടുത്തി മൂന്ന് മാസത്തിനകം തന്നെ എതിർകക്ഷിയായ ഭാര്യ മറ്റൊരാളെ വിവാഹം ചെയ്ത് രണ്ടാമത്തെ വിവാഹ ജീവിതം തുടങ്ങുകയും ചെയ്തു.
ഇതുകൂടി പരിഗണിച്ചാണ് കുടുംബ കോടതി ഉത്തരവ്. ഏകപക്ഷീയമായി എതിർകക്ഷി വിവാഹ ബന്ധം വേർപ്പെടുത്തിയതിലൂടെ ഭർത്താവായ ഹരജിക്കാരന് കടുത്ത മാനസിക ബുദ്ധിമുട്ടുണ്ടായെന്നും സമൂഹം മുൻപാകെ നിന്ദിതനായെന്നും കോടതി കണ്ടെത്തി.
വിധി പ്രകാരം ഭാര്യ മഹർ ഉൾപ്പെടെയുള്ള മുഴുവൻ സ്വർണ്ണാഭരണങ്ങളും പത്തു ലക്ഷം രൂപ നഷ്ടപരിഹാരമായും ഭർത്താവിന് നൽകണം. ഹരജിക്കാരനു വേണ്ടി അഡ്വ. പി.പി മുബശ്ശിറലി, അഡ്വ. എ.വി. നസിയ, അഡ്വ. മിഷാൽ അഷ്‌റഫ്, അഡ്വ. ജസ്ന നസീർ, അഡ്വ. ഫാത്തിമത്ത് സഫ എന്നിവർ ഹാജരായി.
Leave A Comment