'പേരോ പ്രശസ്തിയോ വേണ്ട, കുഞ്ഞ് രക്ഷപ്പെട്ടാൽ മതി’; 11 കോടി സഹായം നൽകി അജ്ഞാതൻ
തിരുവനന്തപുരം: ഒന്നരവയസ്സുകാരൻ നിർവാണിന് ലഭിച്ച അജ്ഞാതന്റെ സഹായം വെളിവാക്കുന്നത് ഈ ലോകത്തിൽ ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും അറ്റു പോകാത്ത സ്നേഹവും കാരുണ്യവും ഉണ്ടെന്നുമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിർവാണിന് സഹായമഭ്യർത്ഥിച്ചു കൊണ്ടുള്ള കുറിപ്പുകളാണ് സമൂഹമാധ്യങ്ങളിലാകെ നിറഞ്ഞു നിന്നിരുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്, വിവിധ മേഖലകളിൽ നിന്ന് തങ്ങളാൽ കഴിയും വിധം ആളുകൾ സഹായം എത്തിച്ചുകൊണ്ടേയിരുന്നു. എന്നാൽ 17 കോടി രൂപ എന്ന തുകയിലേക്ക് എത്താൻ ഇനിയും ഏറെ കടമ്പകളുണ്ടായിരുന്നു. അപ്പോഴാണ് ‘പേരോ പ്രശസ്തിയോ വേണ്ട’ എന്ന അറിയിപ്പോടെ 11 കോടി രൂപ നിര്‍വാണിന് ചികിത്സാ സഹായമായി എത്തുന്നത്. ഇനി 80 ലക്ഷം രൂപ കൂടി ലഭിച്ചാൽ നിർവാണിന്റെ മരുന്നിന് ആവശ്യമുള്ള തുക പൂർണ്ണമാകും.
മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു സാരംഗ് മേനോന്‍റെയും അദിതിയുടെയും മകനാണ് നിര്‍വാണ്‍. മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലൂടെയാണ് ഈ കുടുംബം മുന്നോട്ട് പോയിക്കൊണ്ടിരുന്നത്.വലിയ പ്രതീക്ഷകൾക്കിടെയാണ് മകൻ നിര്‍വാണ്‍ ജനിച്ചത്. പതിമൂന്ന് മാസമായിട്ടും നിര്‍വാണ്‍ ഇരിക്കുന്നുണ്ടായിരുന്നില്ല. നീന്തുന്ന സമയത്ത് കാല് ഉപയോഗിച്ചായിരുന്നില്ല നീന്തുന്നത്. ഇങ്ങനെ വന്നതോടെയാണ് മകന്‍റെ രക്ത സാംപിള്‍ എടുത്ത് മാതാപിതാക്കൾ പരിശോധിച്ചത്. മൂന്നാഴ്ച നീളുന്ന പരിശോധനയ്ക്ക് ഒടുവിലാണ് നിർവാണിന് അപൂര്‍വ്വ രോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫിയാണെന്ന് സ്ഥിരീകരിക്കുന്നത്.
Leave A Comment