ആദ്യം ഡി വൈ എഫ് ഐയെ പുകഴ്ത്തി, പിന്നീട് തിരുത്തി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഡിവൈഎഫ്ഐയെ അഭിനന്ദിച്ചതിൽ വിശദീകരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂത്ത് കോൺഗ്രസിന്‍റെ പ്രവർത്തനം മോശമാണെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളികളാകണമെന്നാണ് ഉദ്ദേശിച്ചതെന്ന് ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി.
ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തെക്കുറിച്ച് പറഞ്ഞത് സദുദ്ദേശ്യത്തോടെയെന്നും ചെന്നിത്തല പറഞ്ഞു. കോവിഡ് കാലത്ത് ഡിവൈഎഫ്ഐ നന്നായി പ്രവർത്തിച്ചെന്നും ആശുപത്രികളിൽ പൊതിച്ചോർ വിതരണം ചെയ്യുന്ന ഹൃദയപൂർവം പദ്ധതി മാതൃകയാണെന്നുമാണ് യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ സമ്മേളനത്തിൽ ചെന്നിത്തല പറഞ്ഞത്.
കോവിഡ് കാലത്ത് യൂത്ത് കോൺഗ്രസിന്‍റെ യൂത്ത് കെയറിൽ കെയറുണ്ടായില്ലെന്നും ചെന്നിത്തല വിമർശിച്ചിരുന്നു. ചെന്നിത്തല പറയുന്ന വീഡിയോ രാജ്യസഭ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റുമായ എ.എ. റഹീം ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.
Leave A Comment