എ.കെ.ബാലന് കണ്ണടച്ച് ഇരുട്ടാക്കുന്നു;ചെന്നിത്തല
തിരുവനന്തപുരം: എഐ കാമറാ വിവാദത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ചുകൊണ്ടുള്ള എ.കെ.ബാലന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എ.കെ.ബാലന് കണ്ണടച്ച് ഇരുട്ടാക്കുന്നെന്ന് ചെന്നിത്തല വിമര്‍ശിച്ചു.
പ്രതിപക്ഷം പുറത്തുവിട്ട രേഖകളൊന്നും ബാലന് കണ്ടില്ലേ എന്നും ചെന്നിത്തല ചോദിച്ചു. കാമറാ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെന്നാണ് ബാലന് പറയുന്നത്. മുന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കെതിരായി ആരോ കൊടുത്ത പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
കരാറുകളുമായി ബന്ധപ്പെട്ട് ഒരു വിജിലന്‍സ് അന്വേഷണവും നടക്കുന്നില്ല. ആളുകളെ പൊട്ടന്മാരാക്കാന് ശ്രമിക്കേണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
കേരളത്തില്‍ നടക്കുന്ന ടെന്ഡറുകളിലെല്ലാം പ്രസാഡിയോയ്ക്ക് മാത്രം ഉപകരാര്‍ കിട്ടുന്നത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു. പ്രസാഡിയോ കമ്പനിയുടെ ഒരു ഡയറക്ടര്‍ രാംജിത്താണ്. എന്നാല്‍ കമ്പനിയുടെ 99 ശതമാനം ഓഹരിയുള്ളത് പത്തനംതിട്ട സ്വദേശിയായ സുരേന്ദ്രകുമാറാണ്. ഇയാള്‍ സിപിഎം സഹയാത്രികനാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രസാദിയോ കമ്പനിയുടേത് അത്ഭുതകരമായ വളര്‍ച്ചയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. നാല് വര്‍ഷം കൊണ്ട് കമ്പനിയുടെ ബിസിനസില്‍ 500 ശതമാനം വര്‍ധനവാണുണ്ടായത്. പുതിയ കണക്ക് പുറത്ത് വരുമ്പോള്‍ ഇത് ഇരട്ടിയാകും.
അമിത്ഷായുടെ മകന്റെ കമ്പനിക്ക് പെട്ടെന്ന് 900 കോടിയുടെ വര്‍ധനവുണ്ടായത് വാര്‍ത്തയായിരുന്നു. ഇതിന് സമാനമായ രീതിയിലാണ് മുഖ്യമന്ത്രിയുടെ ബന്ധുവുമായി അടുപ്പമുള്ള കമ്പനിയുടെ വളര്‍ച്ചയെന്നും ചെന്നിത്തല വിമര്‍ശിച്ചു.
മുഖ്യമന്ത്രിയുടെ മൗനം മഹാകാര്യമല്ലെന്നും അദ്ദേഹം മിണ്ടണമെന്ന് നിര്‍ബന്ധമില്ലെന്നും ചെന്നിത്തല കൂട്ടിചേർത്തു.
Leave A Comment