സ്വർണക്കൊള്ള; പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവർക്ക് ജാമ്യമില്ല
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ ഉള്‍പ്പടെ മൂന്ന് പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി.
എ. പത്മകുമാര്‍, മുരാരി ബാബു, ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്ധന് എന്നിവരുടെ ജാമ്യഹര്‍ജികളാണ് ജസ്റ്റീസ് എ. ബദറൂദ്ദീന്റെ ബെഞ്ച് തള്ളിയത്.
പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും അന്വേഷണ സംഘവും എതിര്‍ത്തു. പ്രതികള്‍ക്കെതിരെ ഗൗരവമായ തെളിവുകളുണ്ടെന്നും അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നുമാണ് സര്‍ക്കാരിന്റെ വാദം.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ. പത്മകുമാറിനെ നവംബര്‍ 20 നാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളിയിലെ സ്വര്‍ണം ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് കൈമാറിയതില്‍ പത്മകുമാര്‍ അടങ്ങുന്ന ബോര്‍ഡിന് വീഴ്ചയുണ്ടായെന്ന കണ്ടെത്തലിന് പിന്നാലെയായിരുന്നു അറസ്റ്റ്.
അതേസമയം, ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളികൾ മോഷ്ടിച്ച കേസിൽ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.
അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണിത്. എന്നാൽ സ്വർണക്കട്ടിളപാളി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് നിലവിൽ ജയിൽ മോചിതനാകാൻ കഴിയില്ല.
Leave A Comment