ബഹളത്തിൽ മുങ്ങി പിണറായി സർക്കാരിന്റെ അവസാന നിയമസഭ സമ്മേളനം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടർന്ന സാഹചര്യത്തിൽ, സഭാ നടപടികൾ വെട്ടിചുരുക്കി നിയമസസഭ പിരിഞ്ഞു. ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം തുടർച്ചയായ രണ്ടാം ദിവസവും സഭാ നടപടികൾ തടസപ്പെടുത്തി.
സഭ തുടങ്ങിയ ഉടൻ തന്നെ പ്രതിപക്ഷ എംഎൽഎമാർ പ്ലക്കാർഡുകളും ബാനറുകളും ഉയർത്തി സ്പീക്കറുടെ ഡയസിന് മുന്നിലെ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ശബരിമല സ്വർണക്കവർച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് ഇടപെടലുകൾ ഉണ്ടാകുന്നുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.
കേസിൽ പ്രധാന പ്രതികൾക്ക് ജാമ്യം ലഭിച്ചത് സർക്കാരിന്റെ വീഴ്ച മൂലമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ശബരിമല തന്ത്രി കണ്ഠരര് രാജീവര് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പശ്ചാത്തലത്തിൽ, അദ്ദേഹത്തെ തെളിവുകളില്ലാതെ 40 ദിവസത്തോളം ജയിലിലിടുന്നത് നീതീകരിക്കാനാവില്ലെന്ന് കോൺഗ്രസ് എംഎൽഎ കെ. ബാബു സഭയിൽ പറഞ്ഞു.
പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ചോദ്യോത്തര വേള റദ്ദാക്കാൻ സ്പീക്കർ എ.എൻ. ഷംസീർ നിർബന്ധിതനായി. തുടർന്ന് സഭാനടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സർക്കാരിനെതിരെ ഒരു അവിശ്വാസ പ്രമേയം പോലും കൊണ്ടുവരാൻ കഴിയാത്ത പ്രതിപക്ഷം രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നതെന്ന് മന്ത്രിമാരായ പി. രാജീവും എം.ബി. രാജേഷും കുറ്റപ്പെടുത്തി. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നതെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും സർക്കാർ വ്യക്തമാക്കി.
Leave A Comment