കേരളം

ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; ഒ ജെ ജനീഷിന്‍റെ മന്ത്രി പദത്തിലുണ്ട് സന്ദേശം


മാള: സർപ്രൈസ് എൻട്രിയായി മന്ത്രിസഭയിലെത്തിയ കൊടുങ്ങല്ലൂരിന്റെ എം എൽ എ ഒ ജെ ജനീഷിന്റെ സത്യപ്രതിജ്ഞയിൽ ആഹ്ലാദം പങ്കിട്ട് നാട്. പടക്കം പൊട്ടിച്ചും പായസം വിതരണം ചെയ്തും പ്രവർത്തകർ സത്യപ്രതിജ്ഞ ആഘോഷമാക്കി. യുവത്വത്തിന്റെ പോരാട്ടവീര്യത്തിന് ലഭിച്ച അർഹതക്കുള്ള അംഗീകാരമാണ് ജനീഷിന്റെ മന്ത്രി സ്ഥാനം.

യുവത്വം നിറഞ്ഞ പോരാളിക്ക് യുവജനക്ഷേമം. വി ഡി സതീശൻ മന്ത്രിസഭയിൽ ഒ ജെ ജനീഷ് യുവജന ക്ഷേമ മന്ത്രിയായി ചുമതലയേറ്റു. പിന്നിട്ട പിണറായി സർക്കാരിന്റെ കാലത്ത് സർക്കാരിനെതിരെ നടത്തിയ പോരാട്ടങ്ങൾ, സമരങ്ങൾ, പോലീസ് മർദ്ധനം, ജയിൽവാസം ഇതിനെല്ലാം മറുപടിയായി ഇപ്പോൾ മന്ത്രിസ്ഥാനം.

തീർത്തും സർപ്രൈസ് ആയിട്ടാണ് ഒ ജെ ജനീഷ് വി ഡി എസ് മന്ത്രിസഭയിൽ എത്തുന്നത്. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ ആയത് പ്രവേശനം ലളിതമാക്കി. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി കൂടിയാണിപ്പോൾ ഒ ജെ. തൃശൂർ ജില്ലയിൽ നിന്നുള്ള ഏക മന്ത്രിയും ജനീഷാണ്.

കൂഴൂർ സ്വദേശിയായ ജനീഷിന്റെ മന്ത്രി പദത്തിൽ കോൺഗ്രസ്‌ നൽകുന്ന സന്ദേശവും വലുതാണ്. സാധാരണക്കാരായ യുവാക്കൾക്ക് പ്രാപ്യമാകും തരത്തിൽ അവരുടെ ക്ഷേമവും ഭാവിയും ഉൾക്കൊണ്ട് പുതിയ നാളെയെ വാർത്തെടുക്കാൻ പുതിയ രക്തം വേണം. മുപ്പത്തേഴുകാരനായ ജനീഷിന് പുതിയ കുട്ടികളുടെ ചിന്തയറിയാം. അവരുടെ സ്വപ്നങ്ങൾക്ക് ഉതകും വിധമുള്ള പദ്ധതികൾ തയ്യാറാക്കി പുതുതലമുറയിലൂടെ പുതുയുഗം കെട്ടിയുയർത്താൻ ജനീഷിന് സാധിക്കട്ടെ എന്ന് ആശംസിക്കാം. കാത്തിരിക്കാം . 

Leave A Comment