കേരളം

പി.ടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം കോടതിയിൽ

തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ സംവിധായകനും സിപിഎം മുന്‍ എംഎല്‍എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം ഫയലിൽ സ്വീകരിച്ചത്.

ചലച്ചിത്ര പ്രവർത്തകയെ ഹോട്ടൽ മുറിയിൽവെച്ച് കടന്നു പിടിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്തെന്ന കേസിലാണ് നടപടി. സംവിധായിക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2025 നവംബർ ആറിന് തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ ചലചിത്രമേളയുടെ സ്‌ക്രീനിങ്ങിനിടെയായിരുന്നു പരാതിക്കാസ്പദമായ സംഭവം.

ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കുറ്റപത്രത്തിലുള്ളത്.

ഐഎഫ്എഫ്കെയിൽ മലയാള സിനിമകള്‍ തെരഞ്ഞെടുക്കാനുള്ള ജൂറിയുടെ ചെയർമാനായിരുന്നു ഇടത് സഹയാത്രികനായ പി.ടി.കുഞ്ഞുമുഹമ്മദ്. ഹോട്ടലിൽ വെച്ച് തന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി ശാരീരിക അതിക്രമത്തിന് ശ്രമിച്ചുവെന്നാണ് ജൂറി അംഗമായിരുന്ന സ്ത്രീയുടെ പരാതി.

പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു കേസെന്വേഷണം തുടങ്ങിയത്. പക്ഷേ കേസിൽ പിടി കുഞ്ഞുമുഹമ്മദിന് കോടതി മുൻ കൂർജാമ്യം അനുവദിച്ചിരുന്നു. ഹോട്ടലിലെ സിസിടിവിയുടെയും സാക്ഷി മൊഴികളുടടേയും അടിസ്ഥാനത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്.

പരാതിക്കാരി പറയുന്ന സമയം പിടി കുഞ്ഞു മുഹമ്മദ് മുറിയിലേക്ക് എത്തുന്നത് ദൃശ്യങ്ങളിലുണ്ട്. ജൂറി അംഗമായ സ്ത്രീ പരാതി നൽകിയിട്ടും കേസെടുക്കുന്നതിലും അന്വേഷണം നടത്തുന്നതിലുളള കാലതാമസം ഏറെ വിവാദമുണ്ടാക്കിയിരുന്നു.

Leave A Comment