ലോക കേരള സഭ ജനുവരി 29-31 വരെ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് സ്പീക്കർ
തിരുവനന്തപുരം: അഞ്ചാമത് ലോക കേരള സഭ ജനുവരി 29, 30, 31 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു. ജനുവരി 29 ന് നിശാഗന്ധിയിൽ നടക്കുന്ന പൊതുയോഗത്തോടെയാകും പരിപാടികൾക്ക് തുടക്കമാകുക.
ജനുവരി 30, 31 തീയതികളിൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് സഭയുടെ ഔദ്യോഗിക നടപടികൾ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ലോക കേരള സഭയുടെ ഉദ്ഘാടനം നിർവഹിക്കും. പ്രവാസ ലോകത്തെ വിവിധ വിഷയങ്ങളിൽ ഊന്നിയുള്ള ചർച്ചകൾക്കും വികസന കാഴ്ചപ്പാടുകൾക്കും ഈ സമ്മേളനം വേദിയാകും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളുടെ വലിയ പങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. 125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പ്രവാസികളായ 182 അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും ഉൾപ്പെടെയുള്ളവരാണ് ഇത്തവണ സഭയിൽ എത്തുന്നത്.
ജനുവരി 30 ന് എട്ട് വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകളും ഏഴ് മേഖല സമ്മേളനങ്ങളും സംഘടിപ്പിക്കും. പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹാരങ്ങൾ കണ്ടെത്താനുമുള്ള സുപ്രധാന വേദിയായി ലോക കേരള സഭ മാറുമെന്ന് സ്പീക്കർ വ്യക്തമാക്കി.
പത്തുകോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നതിനിടെ കോടികള്‍ ചെലവിട്ട് ലോക കേരള സഭ നടത്തേണ്ടതുണ്ടോ എന്ന ചോദ്യം പ്രതിപക്ഷം നേരത്തെ തന്നെ ഉയർത്തിയിരുന്നു.
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്തെ അവസാനത്തെ ലോക കേരള സഭയാണ് ഇത്തവണത്തേത്.
Leave A Comment