ശബരിമല സ്വർണക്കൊള്ള; രമേശ് ചെന്നിത്തല എസ്ഐടിക്ക് മൊഴിനൽകി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എസ്ഐടിക്ക് മൊഴിനൽകി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഈഞ്ചയ്ക്കല്‍ ഓഫീസിലെത്തിയാണ് രമേശ് ചെന്നിത്തല മൊഴി നല്‍കിയത്.
ശബരിമലയിൽ നിന്ന് കടത്തിയ സ്വർണപ്പാളികൾ പുരാവസ്തുവായി വിറ്റുവെന്നും 500 കോടിയുടെ മൂല്യം അതിനുണ്ടെന്നും മുൻപ് അദ്ദേഹം ആരോപിച്ചിരുന്നു. ഇതേപ്പറ്റി അറിവുള്ളയാൾ തന്നോട് പറഞ്ഞുവെന്നും രമേശ് ചെന്നിത്തല അവകാശപ്പെട്ടിരുന്നു.
നേരത്തെ മൊഴിനൽകാനെത്തുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചിരുന്നുവെങ്കിലും അന്വേഷണ സംഘത്തിന്റെ അസൗകര്യം മൂലം മാറ്റുകയായിരുന്നു. തനിക്ക് ലഭിച്ച വിവരങ്ങള്‍ എസ്ഐടിക്ക് മുന്നില്‍ പറഞ്ഞു. അവർ അന്വേഷിക്കട്ടെയെന്നും മൊഴി നല്കിയ ശേഷം രമേശ് ചെന്നിത്തല പറഞ്ഞു.
വിവരങ്ങള്‍ സത്യമാണോ അല്ലയോ എന്ന കാര്യം എസ്ഐടി തീരുമാനിക്കട്ടെ. അത് സത്യമാണെന്നാണ് തന്റെ വിശ്വാസം. കൈമാറിയത് തെളിവുകളല്ല വിവരങ്ങളാണ്. തന്റെ ഉത്തരവാദിത്വമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Leave A Comment