ഐക്യം അടഞ്ഞ അധ്യായം; തുഷാറിനെ തള്ളി സുകുമാരൻ നായർ
കോട്ടയം: എസ്എൻഡിപിയുമായുള്ള ഐക്യം അടഞ്ഞ അധ്യായമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഐക്യം ഇനിയും സാധ്യമാണെന്ന ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണെന്നും സുകുമാരൻ നായർ പറഞ്ഞു.
"എല്ലാ സമുദായങ്ങളുമായും സൗഹൃദമുണ്ട്. എന്നാൽ രാഷ്ട്രീയ താൽപര്യത്തോടെയുള്ള ഐക്യത്തിന് തയാറല്ല. പ്രത്യേക സമുദായത്തിനെതിരെ എൻഎസ്എസിനെയും രംഗത്തിറക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. എസ്എൻഡിപിയുമായുള്ള സൗഹാർദം തുടരും.'-സുകുമാരൻ നായർ വ്യക്തമാക്കി.
"ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ താല്യപര്യങ്ങളുണ്ടെന്ന് മനസിലായത് കൊണ്ടാണ് അതിൽ നിന്ന് പിന്മാറിയത്. എൻഎസ്എസിന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാടാണുള്ളത്. അത് ഒരിക്കലും മാറില്ല.'-സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
എൻഎസ്എസ് എസ്എൻഡിപി ഐക്യം അടഞ്ഞ അധ്യായം അല്ലെന്നും എൻഎസ്എസ് വാതിൽ അടഞ്ഞെന്ന് വിശ്വസിക്കുന്നില്ലെന്നുമാണ് തുഷാർ വെള്ളാപ്പള്ളി ഇന്ന് പറഞ്ഞത്. എൻഎസ്എസുമായി ചർച്ച നടത്തുമെന്നും തുഷാർ പറഞ്ഞിരുന്നു.
തന്റെ പിതാവിനെ പൊലെ ബഹുമാനിക്കുന്ന ആളാണ് സുകുമാരൻ നായരെന്നും ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കുമെന്നും തുഷാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
Leave A Comment