കേരളം

ഉഷയുടെ ആരോഗ്യനില തൃപ്തികരം; ശസ്ത്രക്രിയ സിടി സ്‌കാനിന് ശേഷം

കൊച്ചി: വയറ്റില്‍ കത്രിക കുടുങ്ങിയ ആലപ്പുഴ പുന്നപ്ര സ്വദേശി ഉഷ ജോസഫിന്‍റെ ആരോഗ്യനില തൃപ്തികരം. ഇന്ന് സിടി സ്‌കാന്‍ ചെയ്ത് ഉപകരണത്തിന്‍റെ സ്ഥാനവും മറ്റും മനസിലാക്കിയതിന് ശേഷം മാത്രമേ ശസ്ത്രക്രിയ സംബന്ധിച്ചുള്ള തീരുമാനം എടുക്കുകയുള്ളു എന്നാണ് അമൃത ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

നിലവില്‍ ഗ്യാസ്‌ട്രോ വാര്‍ഡിലാണ് ഉഷയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അഞ്ചു വര്‍ഷം മുമ്പ് നടന്ന ശസ്ത്രക്രിയക്കിടെയാണ് ഉഷ ജോസഫിന്‍റെ വയറ്റില്‍ കത്രിക കുടുങ്ങിയത്. ഗൈനക്കോളജി ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്‍റ് ആയിരുന്ന ഡോ. ലളിതാംബികയുടെ യൂണിറ്റ് ആയിരുന്നു ശസ്ത്രക്രിയ നടത്തിയത്. താനല്ല ശസ്ത്രക്രിയ നടത്തിയതെന്നും അഞ്ചു വര്‍ഷമല്ല, 50 വര്‍ഷം കത്രിക വയറ്റില്‍ ഇരുന്നാലും കുഴപ്പമില്ല എന്ന് നിസാരവല്‍ക്കരിച്ചു കൊണ്ടായിരുന്നു ഡോ. ലളിതാംബിക സംസാരിച്ചത്.

സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉത്തരവിട്ടു. ശസ്ത്രക്രിയ രേഖകള്‍ പരിശോധിച്ച് രാവിലെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. 2021 മെയ് 10ന് ആയിരുന്നു ഉഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മേയ് 12ന് ആയിരുന്നു ശസ്ത്രക്രിയ നടന്നത്. മേയ് 15ന് ആണ് ഉഷയെ ഡിസ്ചാര്‍ജ് ചെയ്തത്.

അതിനുശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. വിവിധ ഡോക്ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗം ഭേദമാകുകയൊ കാരണം കണ്ടെത്താനൊ കഴിഞ്ഞില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചു. തുടര്‍ന്ന് എക്സ്റേ ഉള്‍പ്പെടെയുള്ള പരിശോധനക്ക് കുറിച്ച് നല്‍കി. തുടര്‍ന്നാണ് വയറിനുള്ളില്‍ കത്രിക കുടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്‌.

രോഗിയോട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ദ്ദേശിച്ചു. അടുത്ത ദിവസം ശസ്ത്രക്രിയിലൂടെ കത്രിക നീക്കം ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഉഷ ജോസഫ് പറഞ്ഞു. വീട്ടിലെത്തിയ ശേഷം സംഭവത്തിന്‍റെ തീവ്രത മനസിലാക്കിയ ബന്ധുക്കള്‍ വിവരം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവും പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്‍റുമായ കെ.എഫ്. തോബിയാസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പുന്നപ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Leave A Comment