പ്രാദേശികം

കൊരട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; 19കാരൻ കസ്റ്റഡിയിൽ

ചാലക്കുടി: കൊരട്ടിയിൽ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. അസം ബസ്തി ജില്ലക്കാരനായ ഹക്കിം മർദ്ദി (46) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 19കാരനെ സമീപവാസികൾ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി.

ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കൊരട്ടി സർക്കാർ പോളിടെക്നിക് കോളേജിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി എത്തിയ തൊഴിലാളി സംഘത്തിൽപ്പെട്ടയാളാണ് ഹക്കിം മർദ്ദി. പോളിടെക്നിക്കിന് സമീപത്തെ ഗീതാഞ്ജലി റോഡിൽ തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ രക്തം തളംകെട്ടിയ നിലയിലുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

സംഭവത്തെ തുടർന്ന് ചാലക്കുടി ഡി.വൈ.എസ്.പി., കൊരട്ടി എസ്.എച്ച്.ഒ. എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

Leave A Comment