പ്രാദേശികം

വീടിന്റെ വാതിൽ തകർത്ത് കവർച്ച; സ്വർണ്ണവും പണവും നഷ്ടപ്പെട്ടു

വരന്തരപ്പിള്ളി: ആറ്റപ്പിള്ളിയിൽ വീട്ടുകാരില്ലാത്ത സമയം വീടിൻ്റെ വാതിൽ തകർത്ത് കവർച്ച. പതിമൂന്നര പവൻ സ്വർണവും 10000 രൂപയും നഷ്ടപ്പെട്ടതായി പരാതി. വരന്തരപ്പിള്ളി ആറ്റപ്പിള്ളി പയ്യൂർക്കാവ് ക്ഷേത്രത്തിന് സമീപം അരീക്കാടൻ ഫെർണാണ്ടസിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.

തിങ്കളാഴ്ച രാത്രി 10-ന് ശേഷമാണ് മോഷണം നടന്നതെന്ന് കരുതുന്നു. മുൻവശത്തെ വാതിലിൻ്റെ കട്ടിളയോട് ചേർന്ന ഭാഗം കുത്തിതുറന്നാണ് മോഷ്ടാക്കൾ അകത്തു കയറിയിരിക്കുന്നത്. അകത്തെ മുറിയിലെ അലമാര പൂട്ടിയിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. അലമാരയിലിരുന്ന സ്വർണവും പണവും വിലപ്പെട്ട രേഖകളുമാണ് നഷ്ടപ്പെട്ടത്.

ഫെർണാണ്ടസ് വിദേശത്തായതിനാൽ മാതാപിതാക്കളായ ജോർജും ആലീസുമാണ് വീട്ടിലുള്ളത്. ഇവർ മറ്റൊരു മകനായ അലക്സാണ്ടറിൻ്റെ വീട്ടിലാണ് രാത്രി കഴിയുന്നത്. സംഭവ ദിവസം രാത്രി പത്തിനാണ് ഇവർ വീട് പൂട്ടി പോയത്. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

വരന്തരപ്പിള്ളി പോലീസ് എസ്.എച്ച്.ഒ. എസ്. ജയകൃഷ്ണൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.

Leave A Comment