പ്രാദേശികം

മിന്നല്‍ ചുഴലിയിൽ വ്യാപക നാശനഷ്ടം

ആളൂർ: പുതുക്കാട് ചെങ്ങാലൂര്‍ കുണ്ടുകടവ്, ആറ്റപ്പിള്ളി പ്രദേശങ്ങളിലുണ്ടായ മിന്നല്‍ ചുഴലിയിൽ വ്യാപക നാശനഷ്ടം. നാല് വീടുകളിലും ഒരു കാറിന് മുകളിലും മരങ്ങള്‍ കടപുഴകി വീണു. മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. നിരവധി ജാതിമരങ്ങളും വാഴകളും മറ്റ് കാർഷിക വിളകളും നശിച്ചു.

ഞായറാഴ്ച രാവിലെയാണ് സംഭവം. കുണ്ടുകടവ് കോറ്റുകുളം സുരേഷിൻ്റെ കാറിന് മുകളിലേക്കാണ് മരം ഒടിഞ്ഞുവീണത്. കാറിന് കേടുപാടുകൾ സംഭവിച്ചു.
പ്രദേശത്ത് നൂറുകണക്കിന് വാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു.  

പ്ലാവുകളും മരങ്ങളും വീണ് രണ്ട് വൈദ്യുതി പോസ്റ്റുകൾ തകർന്നു. മേഖലയിൽ വൈദ്യുതി ബന്ധം തടസപ്പെട്ടു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. എസ്എൻ പുരം ഒല്ലൂക്കാരൻ പോൾ, കൊരട്ടിക്കാരൻ അമ്മിണി, ചുള്ളിപ്പറമ്പിൽ മനോജ്, നന്തിപുലം മൂക്കുപറമ്പിൽ അശോകൻ എന്നിവരുടെ വീടിന് മുകളിലാണ് മരം വീണത്.

വടാത്തല വിജയൻ്റെ വീടിൻ്റെ മുകളിലേക്ക് കവുങ്ങുകൾ വീണ് ഓട് തെറിച്ച് വിജയൻ്റെ ഭാര്യ രുക്മിണിക്ക് കാലിന് പരിക്കേറ്റു.
ചെങ്ങാലൂരിൽ റോഡിൽ സ്ഥാപിച്ചിരുന്ന ട്രാൻസ്‌ഫോർമർ ചരിഞ്ഞു. മേഖലയിലാകെ വൈദ്യുതി ബന്ധം തകരാറിലായി. 
കെ.കെ. രാമചന്ദ്രൻ എംഎൽഎ, പുതുക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം.ബാബുരാജ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

Leave A Comment