പ്രാദേശികം

കുഴിക്കാട്ടുശ്ശേരിയിൽ ബേക്കറിയിലെ ഡ്രെയിനേജ് ശുചീകരിക്കാനിറങ്ങിയ ബേക്കറി ജീവനക്കാര്‍ മരിച്ചു

മാള: കുഴിക്കാട്ടുശ്ശേരിയിൽ ബേക്കറിയിലെ ഡ്രെയിനേജ് ശുചീകരിക്കാനിറങ്ങിയ രണ്ട് ബേക്കറി ജീവനക്കാര്‍ മരിച്ചു. കാരൂര്‍ റോയല്‍ ബേക്കറിയിലെ പാചകക്കാരായ  കുഴിക്കാട്ടുശേരി ചൂരിക്കാടൻ  സുനിൽ കുമാർ ( 52 ), കാരൂർ പാണപ്പറമ്പിൽ  ജിതേഷ് (45) എന്നിവരാണ് മരിച്ചത്.

ബുധന്‍ ഉച്ചതിരിഞ്ഞ് 2.25ഓടെയായിരുന്നു സംഭവം. അടുക്കള ഭാഗത്തെ ഏഴടിയോളം താഴ്ചയുള്ള ടാങ്കില്‍ മാന്‍ഹോള്‍ വഴിയാണ് ഇറങ്ങിയത്. ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീണ സുനിലിനെ രക്ഷിക്കുന്നതിനിടെയാണ് ജിതേഷും വീണത്. മൂന്നടിയോളം ചെളിനിറഞ്ഞ് കിടക്കുന്ന ഡ്രെയ്‌നേജില്‍ വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ചാലക്കുടിയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. 

തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു .   അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി സന്തോഷ്‌കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഹരിലാൽ എന്നിവരുടെ നേതൃത്വത്തിൽ സേന അംഗങ്ങളായ എസ് സുജിത്,സന്തോഷ്‌കുമാർ, ആർ. എം നിമേഷ്, എസ് അതുൽ, നിഖിൽ കൃഷ്ണൻ, സുരാജ്‌കുമാർ, യു അനൂപ്, ഹോംഗാർഡ് മാരായ കെ .എസ് അശോകൻ, കെ .പി മോഹനൻ എന്നിവർ രക്ഷാ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Leave A Comment