പ്രാദേശികം

കാട്ടുപന്നിയുടെ ആക്രമണം ഭയന്ന് ഓടിരക്ഷപ്പെടുന്നതിനിടെ വീണ് വീട്ടമ്മയ്ക്ക് പരിക്ക്

ചാലക്കുടി: വീട്ടുമുറ്റത്തെത്തിയ കാട്ടുപന്നിയുടെ ആക്രമണം ഭയന്ന് ഓടിരക്ഷപ്പെടുന്നതിനിടെ നിലത്ത് വീണ് വീട്ടമ്മയ്ക്ക് പരിക്ക്. കോടശ്ശേരി പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ നായരങ്ങാടിയില്‍ മഴുവഞ്ചേരി തോമസിന്റെ ഭാര്യ നിര്‍മ്മലക്കാണ് പരിക്കേറ്റത്. വ്യാഴം പുലര്‍ച്ചെ 4ഓടെയായിരുന്നു സംഭവം. പുലര്‍ച്ചെ വീടിന് പുറത്തിറങ്ങിയപ്പോള്‍ കൂട്ടമായി പോവുകയായിരുന്ന കാടുപന്നി കൂട്ടത്തില്‍ നിന്നും ഒരെണ്ണം നിര്‍മ്മലയുടെ അടുത്തേക്കോടിയെത്തി. ഇത് കണ്ട് ഭയന്ന് ഓടുന്നതിനിടെ നിലത്ത് വീഴുകയായിരുന്നു. ഇടതുകാലിന് പൊട്ടലുണ്ട്. 

പ്രദേശത്ത് കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായിരിക്കുകയാണ്. പലരും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. ഇരുചക്ര വാഹനയാത്രികരും അപകടത്തില്‍പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. പകല്‍ സമയങ്ങളില്‍ പോലും കാട്ടുപന്നികൂട്ടം പ്രദേശത്ത് തമ്പടിക്കുന്നുണ്ട്. കര്‍ഷകര്‍ക്കും പന്നികൂട്ടം വലിയ നഷ്ടമാണ് വരുത്തിവക്കുന്നത്. വിളവിന് പാകമായ കായ, കപ്പ തുടങ്ങിയ വിളകളെല്ലാം കാട്ടുപന്നികൂട്ടമെത്തി വ്യാപകമായി നശിപ്പിക്കുന്നത് പതിവായി മാറി. 

ലക്ഷങ്ങളും നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാകുന്നത്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഗവ. യു പി സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും കാട്ടുപന്നികള്‍ ഭീഷണിയാവുന്നുണ്ട്. കാട്ടുപന്നികളുടെ ശല്യത്തിന് അടിയന്തിര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ ഇ എ ജയതികന്റെ നേതൃത്വത്തില്‍ ഭീമ ഹര്‍ജി തയ്യാറാക്കി അധികാരികള്‍ക്ക് നല്കി.(പടം)കാട്ടുപന്നി ആക്രമണം ഭയന്ന് ഓടുന്നതിനിടെ നിലത്ത് വീണ് പരിക്കേറ്റ നിര്‍മ്മല

Leave A Comment