പ്രാദേശികം

അംഗത്വം നൽകണം: വെള്ളാങ്ങല്ലൂർ സർവ്വീസ് സഹകരണ ബാങ്കിനോട്‌ ഹൈക്കോടതി

കോണത്തുകുന്ന്: അംഗത്വം നിഷേധിച്ച കാരുമാത്ര സ്വദേശിക്ക് വെള്ളാങ്ങല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൽ അംഗത്വം നൽകണമെന്ന് കേരള ഹൈക്കോടതി.

വെള്ളാങ്ങല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൽ അംഗത്വം ലഭിക്കുന്നതിനു വേണ്ടി പലവട്ടം ബാങ്കിനെ സമീപിച്ചെങ്കിലും അംഗത്വത്തിനുള്ള അപേക്ഷാഫോറം പോലും നൽകിയില്ലെന്ന് ചൂണ്ടിക്കാണിച്ച് കാരുമാത്ര സ്വദേശി കെ യു ബിനോബ് സമർപ്പിച്ച റിട്ട് ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

14 ദിവസത്തിനകം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബാങ്കിൽ അംഗത്വം കൊടുക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

ഒക്ടോബർ 20ന് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അംഗത്വ വിതരണം ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണക്കുന്നവർക്കു മാത്രമായി മാറ്റിയെന്ന് നാട്ടുകാർ പൊതുവെ ആരോപണം ഉന്നയിച്ചിരുന്നു. അതിനിടയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി വന്നിരിക്കുന്നത്. ഈ വിധിയുടെ വെളിച്ചത്തിൽ ഇതുവരെ അംഗത്വം നിഷേധിക്കപ്പെട്ടവർക്കും അംഗത്വം ലഭിക്കാൻ ബാങ്കിനെ സമീപിക്കാൻ കഴിയും.

Leave A Comment