പ്രാദേശികം

ഡീസോൺ കലോത്സവത്തിനിടെ സംഘർഷം, ഡീസോൺ നിർത്തിവെച്ചു

മാള: ഹോളി ഗ്രേസ് കോളേജിൽ നടന്ന ഡീസോൺ കലോത്സവത്തിനിടെ സംഘർഷം. സംഘർഷത്തിൽ പരിക്കേറ്റ നിരവധി വിദ്യാർത്ഥികളെ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ജഡ്ജ്മെന്റ് ചോദ്യംചെയ്തതാണ് സംഘർഷത്തിന്റെ തുടക്കം. മത്സരാർത്ഥികളും സംഘാടകരും തമ്മിൽ തുടങ്ങിയ സംഘട്ടനം വിദ്യാർത്ഥി സംഘടനകൾ ഏറ്റെടുക്കുകയായിരുന്നു. 

കമ്പി വടിയും, കല്ലുകളും ഉപയോഗിച്ച് നടത്തിയ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഘട്ടനം കടുത്തതോടെ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിദ്യാർത്ഥികൾക്ക് നേരെ ലാത്തി വീശി. സംഘട്ടനം ഉണ്ടാകുമെന്ന് നേരത്തെ അറിഞ്ഞിട്ടും പോലീസിന് തടയാൻ സാധിച്ചില്ല എന്നും ആക്ഷേപമുണ്ട്.

കേരളവർമ്മ കോളേജിലെ വിദ്യാർത്ഥികളായ ആശിഷ് (എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി), അഗ്നിവേശ്, നിരഞ്ജൻ, ജിതിൻ, അതുൽ കൃഷ്ണ എന്നിവരെ മാള ബിലിവേഴ്സ് ചർച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 
 
തലയ്ക്ക് ഗുരുതര പരിക്കേറ്റ ആശിഷിനെ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. 
 മത്സരാർത്ഥികളെ കൂടാതെ മത്സരം കാണാൻ വന്ന നിരവധി പേർക്കും പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാളയിലെ വിവിധ ആശുപത്രികളിലായി സ്റ്റേജിൽ കുഴഞ്ഞുവീണ മുപ്പതോളം മത്സരാർത്ഥികൾ പ്രാഥമിക ശുശ്രൂഷ തേടിയിരുന്നു.

മെഡിക്കൽ സപ്പോർട്ടും ഫയർ & റെസ്ക്യൂവും ഇല്ലെന്ന് ചൂണ്ടിക്കാട്ടി മത്സരത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ മത്സരാർത്ഥികൾ പരാതി ഉന്നയിച്ചിരുന്നു.

Leave A Comment