പ്രാദേശികം

വെറ്റിലപ്പാറയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്

ചാലക്കുടി: വെറ്റിലപ്പാറയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്. വെറ്റിലപ്പാറ സ്വദേശി 52 വയസ്സുള്ള  എളംബ്ലാശേരി ജിമ്മിക്കാണ് പരിക്കേറ്റത് 
തുമ്പിക്കൈ കൊണ്ട് എടുത്ത് എറിയുകയായിരുന്നു. വാരിയെല്ലിന് ഉൾപ്പെടെ  പരിക്കേറ്റ ജിമ്മിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്തരയോടെ വെറ്റിലപ്പാറ 14ൽ ആയിരുന്നു സംഭവം. രാത്രിയിൽ ഭക്ഷണം കഴിക്കാൻ തൊട്ടടുത്ത ജംഗ്ഷനിലേക്ക് പോയതായിരുന്നു ജിമ്മി. ഭക്ഷണം കഴിച്ച് തിരികെ വരുന്നതിനിടയിൽ വീടിനു സമീപത്ത് വച്ച് കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. കാട്ടാനയുടെ മുന്നിൽ പെട്ടതോടെ ആന തുമ്പിക്കൈ കൊണ്ട് ജിമ്മിയെ എടുത്ത് എറിയുകയായിരുന്നു.

ജിമ്മിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ശബ്ദം ഉണ്ടാക്കി ആനയെ അവിടെ നിന്നും തുരത്തി കാടുകയറ്റിവിട്ടത്. രാത്രിയിൽ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ തോന്നിയില്ലെങ്കിലും,  നേരം വെളുത്തതോടെ ദേഹമാസകലം നീരു വച്ച് ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു. ഇതോടെ ജിമ്മിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

നിലവിൽ ജിമ്മി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. എക്സ്-റേയിൽ വാരിയെല്ലിന് ചിന്നലുള്ളതായി കണ്ടെത്തി. പല്ലുകളും ഇളകിയിട്ടുണ്ട്. നിരന്തരം കാട്ടാന ആക്രമണം ഉള്ള പ്രദേശം കൂടിയാണ് വെറ്റിലപ്പാറ. പ്രദേശത്തെ വന്യജീവി ആക്രമണത്തിൽ വകുപ്പ് കാര്യക്ഷമമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Comment