മാളയിൽ കാണാതായ 5 വയസ്സുകാരിയെ പോലീസ് രക്ഷപ്പെടുത്തി
മാള : പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ മാള ബസ് സ്റ്റാൻഡിൽ വച്ച് കൂട്ടംതെറ്റിപ്പോയ അഞ്ച് വയസ്സുകാരിയായ ബിഹാർ സ്വദേശിനിയെ സുരക്ഷിതമായി മാതാപിതാക്കളുടെ കൈകളിൽ എത്തിച്ചു.
ഇന്ന് (09.06.2026) ഉച്ചയ്ക്ക് 12:30 ഓടെ മാള പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഒരു പെൺകുട്ടി ഒറ്റയ്ക്കിരുന്ന് കരയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം മാള പോലീസിനെ അറിയിച്ചത്. സന്ദേശം ലഭിച്ചയുടൻ ജി.എസ്.ഐ സുധാകരൻ, സി.പി.ഒമാരായ എയ്ഞ്ചൽ, ഹരികൃഷ്ണൻ, ഹോം ഗാർഡ് മനോജ് എന്നിവരടങ്ങിയ പോലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മാളയിൽ നിന്ന് പുറപ്പെട്ട എല്ലാ ബസുകളിലേക്കും അടിയന്തരമായി വിവരങ്ങൾ കൈമാറിയ പോലീസിന്, തൃശൂർ ഭാഗത്തേക്ക് പോയ ‘മരിയ’ ബസിൽ ഇതരസംസ്ഥാനക്കാരായ ദമ്പതികൾ യാത്ര ചെയ്യുന്നുണ്ടെന്ന നിർണായക വിവരം ലഭിച്ചു.
തുടർന്ന് പോലീസ് ഉടൻ തന്നെ ബസ് കണ്ടക്ടറെ ബന്ധപ്പെടുകയും ബസ് വെളയനാട് സെന്ററിൽ നിർത്തിയിടാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ കുട്ടിയുമായി പോലീസ് സംഘം അതിവേഗം വെളയനാട്ടേക്ക് തിരിച്ചു.
കുട്ടി ബസിന്റെ മുൻവശത്ത് അമ്മയോടൊപ്പമുണ്ടാകുമെന്ന് സഹോദരങ്ങളും, പിന്നിൽ സഹോദരങ്ങൾക്കൊപ്പമായിരിക്കുമെന്ന് അമ്മയും തെറ്റിദ്ധരിച്ചതാണ് കുട്ടി സ്റ്റാൻഡിൽ ഒറ്റപ്പെടാൻ കാരണമായത്.
വെളയനാട് വച്ച് കുട്ടിയെ കണ്ടുമുട്ടിയതോടെ മാതാപിതാക്കളുടെ ആശങ്ക ഒഴിഞ്ഞു. തങ്ങളുടെ പിഞ്ചുകുഞ്ഞിനെ സുരക്ഷിതമായി തിരികെ നൽകിയതിന് മാള പോലീസിനോട് ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും രേഖപ്പെടുത്തി കുടുംബം തൃശൂരിലേക്ക് യാത്ര തുടർന്നു.
Leave A Comment