എടവിലങ്ങിൽ ഉപേക്ഷിച്ച നിലയിൽ 1.25 കിലോ കഞ്ചാവ്
കൊടുങ്ങല്ലൂർ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ എൻഫോഴ്‌സ്‌മെന്റ് പരിശോധനയിൽ എടവിലങ്ങ് ബേബി ഗിരിജ റോഡിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ ഒന്നേകാൽ കിലോ കഞ്ചാവ് പിടിച്ചെടുത്തു. ശ്രീധർമ്മ ദൈവ ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള കലുങ്കിന് സമീപം റോഡിന്റെ പടിഞ്ഞാറുവശത്തുനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
പ്രദേശം യുവാക്കൾ ലഹരി ഉപയോഗിക്കുന്ന കേന്ദ്രമായി മാറിയെന്ന പരാതിയെ തുടർന്ന് എക്‌സൈസ് നിരന്തരം പട്രോളിംഗ് നടത്തിവരുന്നതിനിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. എൻഫോഴ്‌സ്‌മെന്റ് നടപടികൾ ശക്തമായതോടെ കൈവശമുണ്ടായിരുന്ന കഞ്ചാവ് ഉപേക്ഷിച്ചതാകാമെന്നാണ് എക്‌സൈസിന്റെ പ്രാഥമിക നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതായി എക്‌സൈസ് അറിയിച്ചു. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് കഞ്ചാവ് ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ കിഷോർ ജി അറിയിച്ചു.
Leave A Comment