മാള മാരെക്കാട് പ്രദേശത്ത് ആഫ്രിക്കൻ ഒച്ച് വ്യാപിക്കുന്നു; എട്ടോളം വീടുകള്‍ ദുരിതത്തില്‍
മാള: മാള പഞ്ചായത്തിലെ മാരെക്കാട് ഭാഗത്ത് ആഫ്രിക്കൻ ഒച്ച് വ്യാപിക്കുന്നു. വീടുകളിലും പരിസരത്തും കറുത്ത നിറമുള്ള ആഫ്രിക്കൻ ഒച്ചിന്റെ വർഗ്ഗത്തിൽ പെട്ട ജീവിതന്നെയാണ് കുടിയേറിയിട്ടുള്ളത്. പ്രദേശത്തെ എട്ടോളം വീടുകളിൽ ഇപ്പോൾ ഒച്ചിന്റെ ശല്യമുണ്ട്.
മുൻപ് കൃഷിയിടങ്ങളിൽ വ്യാപകമായിരുന്ന ആഫ്രിക്കൻ ഒച്ച് വീടുകളിലും സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലുമാണ് വ്യാപിക്കുന്നത്. ജനവാസ മേഖലയിൽ ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനം മാരകമായ ദൂഷ്യഫലങ്ങൾക്ക് കാരണമായേക്കാമെന്ന ആശങ്ക ശക്തമാണ്. മാസങ്ങൾക്കു മുൻപ് പോട്ട, ചാലക്കുടി, പരിയാരം, കോടശ്ശേരി, കുറ്റിച്ചിറ, രണ്ടു കൈ മേഖലകളിൽ എല്ലാം ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം ശക്തമായിരുന്നു. 2018ലെ പ്രളയത്തിനു ശേഷമാണ് ആഫ്രിക്കൻ ഒച്ചിന്റെ
സാന്നിധ്യം കേരളത്തിൽ ശക്തമായതെന്നു
കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ആഗ്രണമിക് റിസർച്ച് സ്റ്റേഷൻ അധികൃതർ വ്യക്തമാക്കി.
കേരളത്തിൽ 300നും 350 നും ഇടയിൽ വിളകൾ ഇവ നശിപ്പിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. വാഴ, പപ്പായ, ചേന, കോളിഫ്ലവർ, മഞ്ഞൾ, ഇഞ്ചി തുടങ്ങിയവയിൽ ഇവയുടെ ആക്രമണം കൂടുതലാണ്. ഈർപ്പം കൂടുതലായുള്ള ഭാഗങ്ങളിലാണ് ഇവ പ്രധാനമായും കാണുന്നത്. ആഫ്രിക്കൻ ഒച്ചുകൾ ക്രമാതീതമായി വർദ്ധിക്കുന്നത് മനുഷ്യരിലും മൃഗങ്ങളിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. മനുഷ്യരിൽ മസ്തിഷ്ക ജ്വരമുൾപ്പെടെ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള നീമാ വിരകൾ ആഫ്രിക്കൻ ഒച്ചുകളുടെ സ്രവത്തിലുണ്ട്. ഇത്തരം ഒച്ചുകൾക്ക് പുറംതോട് ഉണ്ടാകുമെങ്കിലും കാൽസ്യം അനിവാര്യമാണ്.
സിമന്റ് പൊടി, സിമന്റ് തേച്ച സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കാൽസ്യം കൂടുതലായതിനാൽ മതിലുകളിലും ചുമരുകളിലും മറ്റും ഇവയെ കൂടുതലായി കാണാം. മനുഷ്യന്റെ ആരോഗ്യത്തിനും വിളകൾക്കും ഒരേപോലെ ഭീഷണിയാകുന്ന ആഫ്രിക്കൻ ഒച്ചുകളെ തുരത്താൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്നു കാർഷിക ഗവേഷകൻ ചൂണ്ടിക്കാട്ടുന്നു.
Leave A Comment