പ്രാദേശികം

മാള ബ്ലോക്കിൽ 238 കുടുംബങ്ങൾ അതിദരിദ്രർ : മൈക്രോ പ്ലാൻ തയ്യാറായി

മാള : മാള ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അതിദാരിദ്ര്യ കുടുംബങ്ങൾക്കുള്ള മൈക്രോ പ്ലാൻ തയ്യാറായി. 
അതിദാരിദ്ര്യം അനുഭവിക്കുന്ന 238
കുടുംബങ്ങളാണ് ബ്ലോക്കിന് കീഴിൽ വരുന്നത്. പഞ്ചായത്തുകൾ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. 

കുഴൂർ, മാള, പൊയ്യ, അന്നമനട, ആളൂർ പഞ്ചായത്തുകളിലായി യഥാക്രമം 84, 43, 67, 30, 14 കുടുംബങ്ങളാണുളളത്. പഞ്ചായത്തിലെ വാർഡ്തല സമിതിയുടെ നേതൃത്വത്തിൽ കുടുംബങ്ങളെ നേരിട്ട് സന്ദർശിച്ച് അവരുടെ ആവശ്യങ്ങൾ മനസിലാക്കിയാണ് തിരഞ്ഞെടുത്തത്. 

ഹൃസ്വകാല, ദീർഘകാല പദ്ധതികൾ, വിവിധ സർക്കാർ സേവന പദ്ധതികൾ, ബ്ലോക്ക്-പഞ്ചായത്ത് സംയുക്ത പദ്ധതികൾ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയോജിപ്പിച്ചുള്ള മൈക്രോ പ്ലാനാണ്  തയ്യാറാക്കിയത്. 

അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം, ആരോഗ്യം, അതിജീവനത്തിനുള്ള വരുമാനം തുടങ്ങിയവ ഹൃസ്വകാല പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തുകൾ
നടപ്പിലാക്കി തുടങ്ങി.പദ്ധതിക്കായി ബ്ലോക്ക് അഞ്ച് ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. പഞ്ചായത്തുകളുടെ പദ്ധതികൾക്കനുസരിച്ച് തുക കൈമാറും.

Leave A Comment