പ്രാദേശികം

പുത്തൻചിറയില്‍ വിദ്യാര്‍ഥിനികള്‍ക്ക് അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ച കേസ്; പ്രതി ഇപ്പോഴും ഒളിവില്‍

പുത്തന്‍ചിറ: പുത്തൻചിറയില്‍ നാലാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ച് ലൈംഗീകമായ് ഉപദ്രവിക്കാൻ ശ്രമിച്ച സി പി എം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതി ഇന്നും ഒളിവിലാണ്.  സംഭവത്തില്‍ പ്രതിയായ പുത്തൻച്ചിറ പിണ്ടിയത്ത് സരിത്തിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്  കേരള പുലർ മഹാസഭയുടെ നേതൃത്വത്തിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി.

 രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു.എന്നാൽ ഇയാൾ അന്നു മുതല്‍ ഒളിവിലാണ്. പ്രാദേശിക സിപിഎം പ്രവർത്തകനായ ഇയാളെ നേതാക്കൾ ഇടപെട്ട് ഒളിപ്പിച്ചതായി അന്ന് തന്നെ പരാതി ഉയര്‍ന്നിരുന്നു. 

സംഭവ ദിവസം വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ, ഒരുകാര്യം കാണിച്ചുതരാമെന്ന് പറഞ്ഞ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് മൊബൈലില്‍ അശ്ലീലവീഡിയോ കാണിച്ചു. ഇതോടെ ഭയന്നുപോയ കുട്ടികള്‍ ഇവിടെ നിന്നും ഓടിരക്ഷപ്പെട്ടു. പിന്നീട് കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

സംഭവം നടന്ന് ഒന്നരാഴ്ച്ച പിന്നിട്ടിട്ടും പ്രതിയെ  പിടികൂടാൻ സാധിക്കാത്തത് നീതികരിക്കാൻ കഴിയാത്തതാണ് എന്ന രൂക്ഷ വിമര്‍ശനവുമായി കെ പി എം എസ് രംഗത്തെത്തി. പ്രതി തന്റെ രാഷ്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന്‍ കെ പി എം എസ് നേതാക്കള്‍ പറഞ്ഞു. നീതിക്ക് വേണ്ടി ഏതറ്റം വരെ പോകാനും പെൺകുഞ്ഞുങ്ങളുടെ കുടുംബങ്ങളും കെ.പി.എം.എസും തയ്യാറാണെന്ന്‍ നേതാക്കള്‍ പറഞ്ഞു. , പ്രതിക്കെതിരെ പട്ടികജാതി - പട്ടികവർഗ്ഗ പീഢനം തടയൽ നിയമമനുസരിച്ച് കേസ്സെടുക്കണമെന്നും പ്രതിയെ പിടികൂടിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും  കെ പി എം എസ്   മുന്നറിയിപ്പ് നൽകി.

പോലീസിന്‍റെ അനാസ്ഥക്കെതിരെ കേരള പുലർ മഹാസഭയുടെ നേതൃത്വത്തിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. പുത്തൻച്ചിറ മൂരിക്കാട് സെന്ററിൽ നടന്ന പ്രതിഷേധയോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എൻ സുരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡണ്ട് ശശി കോട്ടോളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം സി ശിവദാസൻ , ബാബു തൈവളപ്പിൽ , എൻ വി ഹരിദാസ് , എം.സി സുനന്ദകുമാർ , ആശാ ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ശിവൻ കണ്ണാടിപറമ്പിൽ, പി.വി. അയ്യപ്പൻ, ബീന രവി, തുടങ്ങിയവർ നേതൃത്വം നൽകി.

Leave A Comment