പ്രാദേശികം

മാളയിൽ ഭ്രാന്തൻ നായയുടെ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

മാള: അഷ്ടമിച്ചിറ–വിജയഗിരി സ്കൂൾ റോഡിൽ ഭ്രാന്തൻ നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു. ഇന്ന് രാവിലെ മുതൽ മൂന്ന് പേരെ നായ ആക്രമിച്ചതായാണ് നാട്ടുകാർ പറയുന്നത്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന പ്രദേശത്താണ് നായ അലഞ്ഞുതിരിയുന്നത്.

കോട്ടൂപ്പാടം മാപ്രാംപിള്ളി വീട്ടിൽ ചന്ദ്രൻ (65), കോട്ടൂപ്പാടം ഇളംകുറ്റിയിൽ വീട്ടിൽ വേലായുധൻ എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റ ചന്ദ്രനെ മാള ഗവൺമെന്റ് ആശുപത്രിയിലും വേലായുധനെ ചാലക്കുടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അഷ്ടമിച്ചിറയിലെ വിജയഗിരി സ്കൂളിലേക്കുള്ള പ്രധാന വഴിയിലാണ് നായയുടെ സഞ്ചാരം. സ്കൂൾ കുട്ടികളും പ്രദേശവാസികളും ഉൾപ്പെടെ നിരവധി പേർ ദിവസേന യാത്ര ചെയ്യുന്ന റോഡായതിനാൽ പ്രദേശത്ത് ആശങ്ക വ്യാപകമാണ്.

നായയെ പിടികൂടുന്നതിനായി അധികൃതർ ശ്രമം നടത്തിയെങ്കിലും നായയെ കണ്ടെത്താനായിട്ടില്ല. ഭീഷണി നിലനിൽക്കുന്നതിനാൽ പ്രദേശവാസികളും വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഭ്രാന്തൻ നായയെ എത്രയും വേഗം പിടികൂടി പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave A Comment