നവീകരിച്ച മാളക്കുളത്തിന് സമീപം വെള്ളക്കെട്ട്: സിപിഎമ്മിനെതിരെ കോൺഗ്രസ്
മാള: കഴിഞ്ഞദിവസം പെയ്ത വേനൽമഴയിൽ മാളക്കുളത്തിന് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടത് പഞ്ചായത്തിനെ വെട്ടിലാക്കി. 40 ലക്ഷം രൂപ ചിലവഴിച്ചു നവീകരിച്ച സ്ഥലത്താണ് ചെറിയൊരു മഴയിൽ വെള്ളമൊഴുകിപ്പോകാതെ കെട്ടിക്കിടന്നത്. നവീകരണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി മുൻ പഞ്ചായത്ത് ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കാൻ കോൺഗ്രസ് കച്ചമുറുക്കിക്കഴിഞ്ഞു.
2023–24 സാമ്പത്തിക വർഷത്തിൽ നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച മാള കുളത്തിന് സമീപം കഴിഞ്ഞ ദിവസത്തെ വേനൽമഴയിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടത് ആണ് കോൺഗ്രസ് ആയുധമാക്കുന്നത്.
150 മീറ്ററോളം നീളത്തിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ചെറിയൊരു മഴ പെയ്താൽ പോലും മണിക്കൂറുകളോളം വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ്. നിലവിലെ സ്ഥിതിക്ക് കാരണം നിർമ്മാണ പ്രവർത്തിയിലെ പിഴവാണെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ടി കെ ജിനേഷ് കുറ്റപ്പെടുത്തുന്നു. മുൻ ഭരണസമിതിയെയാണ് ജിനേഷ് പ്രതിക്കൂട്ടിൽ നിർത്തുന്നത്.
കഴിഞ്ഞദിവസം പെയ്ത വേനൽമഴ തോർന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കുളത്തിന് ചുറ്റുമുള്ള ഭാഗങ്ങളിൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയായിരുന്നു. ഇതുമൂലം റോഡിൽ വെള്ളം നിറഞ്ഞ് വാഹനങ്ങൾ സഞ്ചരിക്കാൻ ബുദ്ധിമുട്ട് നേരിട്ടു.
മഴ സമയത്ത് റോഡ് വ്യക്തമായി കാണാനാകാത്ത അവസ്ഥ ഉണ്ടായിരുന്നുവെന്ന് യാത്രക്കാരും പറയുന്നു. വെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ ഡ്രെയിനേജ് സംവിധാനങ്ങൾ നവീകരണ പ്രവൃത്തിയുടെ ഭാഗമായി യഥാവിധി ഒരുക്കിയിട്ടില്ലെന്നതാണ് കോൺഗ്രസ് ആരോപണം.
കോൺട്രാക്ടറും പഞ്ചായത്തും ഒത്തുകളിച്ച് പ്രവൃത്തിയിൽ അഴിമതി നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം എന്നും ഇവർ ആവശ്യപ്പെട്ടു. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാത്ത പക്ഷം ബന്ധപ്പെട്ട അധികാരികൾക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്ന് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അറിയിച്ചു.
Leave A Comment